വികസന നേട്ടങ്ങൾ ആയുധമാക്കി വിവാദങ്ങളെ നേരിടാൻ സി.പി.എം
തിരുവനന്തപുരം: സ്വർണ്ണക്കടത്തുൾപ്പെടെ രാഷ്ട്രീയ വിവാദങ്ങളെ മറികടക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചരണായുധമാക്കാൻ സി.പി.എം സംസ്ഥാനസമിതി തീരുമാനം. കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിച്ച് ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പ്രചാരണവും ശക്തിപ്പെടുത്തും.ഭാവി കേരളം മുന്നിൽക്കണ്ട് വികസനം ആഗ്രഹിക്കുന്നവരും, വിവാദങ്ങളുയർത്തി വികസനം മുടക്കാൻ ശ്രമിക്കുന്നവരുമെന്ന പ്രചാരണമേറ്റെടുക്കും. വഴി കാട്ടുന്നവർ ഇടതുപക്ഷം, വഴി മുടക്കുന്നവർ കോൺഗ്രസും ബി.ജെ.പിയും എന്നതാണ് മുദ്രാവാക്യം.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ 23ന് പാർട്ടി അംഗങ്ങളും അനുഭാവികളും വീടുകളിൽ വൈകിട്ട് 4 മുതൽ 4.30വരെ പ്ലക്കാർഡുമേന്തി സത്യഗ്രഹമിരിക്കും. പാർട്ടി ഓഫീസുകളിലെ സത്യഗ്രഹത്തിൽൽ പരമാവധി നാല് പേരുണ്ടാകും. സംസ്ഥാനത്താകെ 20 ലക്ഷം പേരെ പ്രക്ഷോഭത്തിലണിനിരത്തും. 5 ലക്ഷത്തിലധികം കേന്ദ്രങ്ങളിൽ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുള്ള സത്യഗ്രഹപരിപാടി നടക്കും. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ ,16ന് ബ്രാഞ്ചടിസ്ഥാനത്തിൽ നിശ്ചയിച്ച ജാഥാ പരിപാടി ഉപേക്ഷിച്ചു.രാമക്ഷേത്ര വിഷയത്തിലടക്കം കോൺഗ്രസ് ആർ.എസ്.എസിന്റെ തീവ്ര ഹിന്ദുത്വത്തോട് മത്സരിക്കുകയാണെന്ന് സംസ്ഥാനകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. രാമക്ഷേത്ര നിർമ്മാണം ട്രസ്റ്റ് നടത്തണമെന്ന സുപ്രീംകോടതി നിർദ്ദേശം ലംഘിച്ചാണ് ഗവർണറുടെയും യു.പി മുഖ്യമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി ശിലയിടൽ നിർവ്വഹിച്ചത്. കോൺഗ്രസ് ബി.ജെ.പിയെ ഇക്കാര്യത്തിൽ എതിർക്കുന്നില്ല. ബാബ്റി മസ്ജിദിൽ ശിലാന്യാസത്തിന് വി.എച്ച്.പിക്ക് അനുമതി നൽകിയത് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ്. ഇപ്പോൾ കമൽനാഥ് വെള്ളി ഇഷ്ടികയാണ് സംഭാവന ചെയ്യാൻ തയാറായത്. പ്രിയങ്കയും രാഹുലും ശിലാന്യാസത്തെ അനുകൂലിച്ചു. പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസുമാകുന്നവരുണ്ടെന്ന് ആന്റണി പറഞ്ഞിട്ടുണ്ട്.
കോൺഗ്രസും ബി.ജെ.പിയും ഉദാരവത്കരണനയത്തിന്റെ വക്താക്കളായതിനാലാണ് ഇടതുസർക്കാരിനെതിരെ കേരളത്തിൽ യോജിക്കുന്നത്. രണ്ട് കൂട്ടരുടെയും വർഗതാല്പര്യമാണിത്. ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്തുമ്പോഴെല്ലാം ധനികവർഗം സർക്കാരിനെതിരെ ഒന്നിച്ചിട്ടുണ്ട്. സമ്പന്നവർഗ്ഗത്തിന്റെയും ഉദാരവത്കരണനയത്തിന്റെയും വക്താക്കളായതിനാലാണ് മുസ്ലീം ജനസാമാന്യത്തെ വഞ്ചിക്കുന്ന സമീപനം മുസ്ലീംലീഗ് കൈക്കൊള്ളുന്നതെന്നും കോടിയേരി പറഞ്ഞു.