ക്വാറന്റീൻ ലംഘനം: ആരോഗ്യ പ്രവർത്തകനെതിരെ കേസ്
Tuesday 11 August 2020 2:03 AM IST
മുക്കം: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകനെതിരെ ക്വാറന്റെെൻ ലംഘനത്തിന് കേസ്. കോഴിക്കോട് ഡി.എം.ഒ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് തൊണ്ടിമ്മൽ തച്ചൻകടവിൽ ശിവദാസനെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. ഇയാളുമായി സമ്പർക്കമുണ്ടായ തിരുവമ്പാടിയിലെയും മുക്കത്തെയും സഹകരണ ബാങ്ക് ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാനും ബാങ്ക് അടച്ചിടാനും നിർദ്ദേശം നൽകി. ഡി.എം.ഒ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളോട് കഴിഞ്ഞ മാസം 29 മുതൽ ക്വാറന്റെെനിൽ കഴിയാൻ നിർദ്ദേശിച്ചത്. എന്നാൽ ഈമാസം ഒന്നു മുതൽ മുക്കം, തിരുവമ്പാടി അങ്ങാടികളിൽ ബാങ്കുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പകർച്ചവ്യാധി വ്യാപന നിരോധ നിയമപ്രകാരമാണ് കേസ്.