വി.എസ്.എസ്.സി.മുൻ ഡയറക്ടർ ഡോ. എസ്.സി. ഗുപ്ത അന്തരിച്ചു

Monday 10 August 2020 1:38 AM IST

തിരുവനന്തപുരം: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് സ്‌പെയ്സ് സെന്റർ മുൻ ഡയറക്ടറും സ്‌പെയ്സ്‌ കമ്മിഷൻ മുൻ അംഗവുമായ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത (87) നിര്യാതനായി. തിരുവനന്തപുരം പുലയനാർകോട്ടയലെ സപ്തംരംഗ് കോളനിയിലെ 'വിദ്യ'യിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് ആറരയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.ഉത്തർപ്രദേശ് സ്വദേശിയായ ഡോ.ഗുപ്ത ബനാറസ് യൂണിവേഴ്സിറ്റി, ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്,അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.1965 ൽ വിക്രംസാരാഭായിക്കൊപ്പം തിരുവനന്തപുരത്ത് റോക്കറ്റ് വിക്ഷേപണ,വികസന കേന്ദ്രം സ്ഥാപിക്കാൻ മുൻകൈയെടുത്ത ഡോ.ഗുപ്ത 1985 മുതൽ 1994 വരെ ഡയറക്ടറായിരുന്നു.1993 ൽ സ്‌പെയ്സ് കമ്മിഷൻ അംഗമായി. ഐ.എസ്.ആർ.ഒയ്ക്ക് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ആട്ടോമാറ്റിക് നിയന്ത്രണ സംവിധാനം വികസിപ്പിച്ചതും ബഹിരാകാശ വാഹനങ്ങൾക്ക് ഇലക്ട്രോണിക്സ്‌ പാക്കേജ് വികസിപ്പിച്ചതും ഡോ.ഗുപ്തയുടെ സംഭാവനയാണ്.തിരുവനന്തപുരത്ത് സെന്റർഫോർ എൻവയർമെന്റ് സ്റ്റഡീസ് ചെയർമാൻ, ഹൈടെക് ഇൻഡസ്ട്രീസ് കമ്മിറ്റി ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ആര്യഭട്ട പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: കുസും ഗുപ്ത. മക്കൾ: ഡോ.പ്രഭാനിനി ഗുപ്ത ( മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മുൻ പ്രൊഫസർ.),ഡോ. അരുൺ ഗുപ്ത (സയന്റിസ്റ്റ് അമേരിക്ക),സാധനാ ഗുപ്ത (എൻജിനിയർ, യു.എസ്.എ), മരുമകൻ: പോൾ സെബാസ്റ്റ്യൻ (ആർ.സി.സി. മുൻ ഡയറക്ടർ). മൃതദേഹം മോർച്ചറിയിൽ. കൊവിഡ് ടെസ്റ്റുകൾക്ക് ശേഷം സംസ്‌കാരം നടത്തും.