ഇവർ രക്ഷാപ്രവർത്തനത്തിലെ സൂപ്പർഹീറോകൾ: തളർച്ചയില്ല, ക്ഷീണമില്ല... ഇനിയും ഞങ്ങൾ തയ്യാർ
തിരുവനന്തപുരം: രാജമലയിൽ ദുരന്തമുഖത്തെ രക്ഷാപ്രവർത്തത്തിനിടെ സൂപ്പർഹീറോകളായത് രണ്ടു നായകളാണ്. മായയും ഡോണയും. പാറയും മണ്ണും കെട്ടിടാവശിഷ്ടങ്ങളുമൊക്കെയായി ചതുപ്പിന് സമാനമായ ദുരന്തഭൂമിയിൽ മനുഷ്യ ശരീരങ്ങൾ എവിടെയുണ്ടെന്നറിയാതെ അന്തിച്ചുനിന്ന രക്ഷാപ്രർത്തകർക്ക് ഇവരുടെ വരവ് ചില്ലറല്ല ആശ്വാസം പകർന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ മായ മണ്ണിനടിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. കോരിച്ചൊരിയുന്ന മഴയിലും തുളഞ്ഞുകയറുന്ന തണുപ്പിലും രക്ഷാപ്രവർത്തകർ ഉൾപ്പടെ തളർന്നപ്പോഴും ഞങ്ങൾ ഇനിയും തയ്യാറെന്ന മട്ടിൽ നിൽക്കുകയായിരുന്നു ഇരുവരും.
കെടാവർ ടീമിലെ (മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന) അംഗമാണ് ബെൽജിയം മെലിനോയിസ് ഇനത്തിൽപ്പെട്ട മായ. ഔദ്യോഗിക നാമം ലില്ലി. പക്ഷേ, തനിക്ക് ഇങ്ങനെയൊരു പേരുളള കാര്യം മായയ്ക്കറിയില്ല. പത്തുമാസമാണ് പ്രായം. പകുതിക്കാലത്തെ പരിശീലനം മാത്രമേ കഴിഞ്ഞിട്ടുളളൂ. ഇനിയുമുണ്ട് ഏറെ പഠിക്കാൻ. മനുഷ്യ ശരീരത്തിലെ രക്തം, എല്ലുകൾ, മാംസം തുടങ്ങിയവയുടെ മണം പിടിച്ചാണ് മണ്ണിനടിയിൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുന്നത്. ഇവയിലേതെങ്കിലുമൊന്നിന്റെ മണം കിട്ടിയാൽ ഒന്നുകൂടി ഉറപ്പുവരുത്താനായി ആ പ്രദേശത്തെ മണ്ണിൽ മുഖം കൂടുതൽ താഴ്‌ത്തും. അടിയിൽ മൃതദേഹമുണ്ടെന്ന് വ്യക്തമായാൽ കുരച്ച് ശബ്ദമുണ്ടാക്കും. പിന്നെ ആ സ്ഥലത്ത് ഇരുപ്പുറപ്പിക്കും. ഹാൻഡ്ലർ പറഞ്ഞാൽ മാത്രമേ അവിടെ നിന്ന് മാറൂ. തുടർന്ന് ഈ സ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ മണ്ണുമാറ്റി മൃതദേഹം പുറത്തെടുക്കും.
തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീലനത്തിലാണ് മായയും ഡോണയും ഉൾപ്പെട 35 നായ്ക്കൾ. മൃതദേഹങ്ങൾ കണ്ടെത്താൻ മായ ഉൾപ്പടെ രണ്ടുനായ്ക്കൾക്കാണ് പരിശീലനം നൽകുന്നത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുൻകൈയെടുത്ത് നായ്ക്കളെ മൂന്നാറിലേക്ക് അയച്ചത്. പരിശീലനം പൂർത്തിയാക്കാത്തതിനാൽ മായയും ഡോണയും എങ്ങനെ പെരുമാറുമെന്ന് പൊലീസുകാർക്കും രക്ഷാപ്രവർത്തകർക്കും ചെറിയ ആശങ്കയുണ്ടായിരുന്നു. കാലാവസ്ഥയും വില്ലനായേക്കുമെന്ന് ഭയന്നു.പക്ഷേ, പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു ഇവരുടെ പെർഫോമൻസ്. പരിശീലനകാലയളവ് മുഴുവൻ കഴിയുമ്പോൾ ഈ നായ്ക്കൾ തങ്ങൾക്ക് മുതൽക്കൂട്ടാവുമെന്നാണ് പൊലീസ് സേനയുടെ പ്രതീക്ഷ. പഞ്ചാബിൽ നിന്നാണ് ഇവയെ കേരളപൊലീസിന് ഇവയെ വാങ്ങിയത്.
മണ്ണിനടിയിൽ മനുഷ്യൻ ജീവനോടെ ഉണ്ടെങ്കിൽ കണ്ടെത്താൻ പരിശീലനം നേടിയതാണ് ഡോണ. അഞ്ച് മണിക്കൂർ വരെ തുടർച്ചയായി തളർച്ചയെന്തന്നറിയാതെ പ്രവർത്തിക്കാൻ വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയ്ക്ക് കഴിയും.
ബെൽജിയം മെലിനോയിസ് ആള് ചെറിയപുളളിയല്ല
കൊടുംഭീകരരായ ബിൻ ലാദനെയും ബാഗ്ദാദിയെയും കണ്ടെത്താൻ അമേരിക്കൻ കമാൻഡോകളെ സഹായിച്ചതോടെയാണ് ബെൽജിയം മെലിനോയിസ് നായ്ക്കൾ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുതുടങ്ങിയത്. ബെൽജിയൻ ഷെപ്പേർഡ് ഇനത്തിലെ ഒരു വിഭാഗമാണ് ഇവ. ഏതു കാലാവസ്ഥയിലും ഭൂപ്രകൃതിയിലും മികവുകാട്ടാനുള്ള കഴിവുളള ഇവ ലോകരാജ്യങ്ങളിലെ പ്രധാന കമാൻഡോ സംഘങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമാണ്. വൈറ്റ് ഹൗസിന്റെ സുരക്ഷയ്ക്കായി യു.എസ് സീക്രട്ട് സർവീസ് ഈ ശ്വാനസംഘത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാസേന (എൻ.എസ്.ജി) യുടെ ശ്വാനപ്പടയിലും ഇവ അംഗമാണ്. കെ-9 എന്ന പേരിലാണ് പന്ത്രണ്ടംഗ ശ്വാനപ്പട എൻ.എസ്.ജി ഭീകരവിരുദ്ധദൗത്യങ്ങൾക്കായി ഉപയോഗപ്പടുത്തുന്നത്.
വലിയ മൂക്കും തലയുമാണ് ഇവയുടെ പ്രത്യേകത. 66 സെ മീ വരെ ഉയരവും 32 കിലോയോളം ഭാരവുമുണ്ടാകും. ഘ്രാണശേഷിയിൽ മുമ്പന്മാരായ ഇവ ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനും സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ മണത്തു കണ്ടുപിടിക്കുന്നതിലും കിടിലോൽക്കിടിലങ്ങളാണ്. കുരച്ച് ബഹളമുണ്ടാക്കാത്ത ഇവ തലയാട്ടിയും മറ്റുമാണ് സേനാംഗങ്ങൾക്ക് വിവരം നൽകുക.