കാട്ടിൽ ഒന്ന് ചുറ്റിയടിക്കാൻ ഇറങ്ങി സിംഹ കുടുംബം; വീഡിയോ ട്വിറ്ററില്‍ വൈറൽ

Monday 10 August 2020 5:43 PM IST

ന്യൂഡൽഹി: ധീരതയുടെയും ക്രൗര്യത്തിന്റെയും നേതൃപാടവത്തിന്റെയും പ്രതീകമാണ് സിംഹം. 20,000 സിംഹങ്ങള്‍ മാത്രമേ ഇപ്പോള്‍ ലോകത്തുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ സിംഹങ്ങളെ വളരെ വിരളമായേ കൂട്ടത്തോടെ കാണാന്‍ സാധിക്കൂ.

ഒരു സിംഹ കുടുംബത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കാസ്വാന്‍ ഐ.എഫ്.എസ്. അപ്രതീക്ഷിതമായി വീഡിയോയില്‍ ഒന്നുമില്ലെങ്കിലും കൂട്ടമായി നടക്കുന്ന സിംഹങ്ങളെ കാണാന്‍ തന്നെ നല്ല രസമാണ്. കാട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് കൂട്ടമായി നടക്കാനിറങ്ങിയ സിംഹങ്ങളുടെ വീഡിയോ പകര്‍ത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് സിംഹങ്ങളെയാണ് വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണാന്‍ സാധിക്കുക. സട ഇല്ലാത്ത സിംഹങ്ങളാണ് വീഡിയോയില്‍. അതുകൊണ്ടുതന്നെ പെണ്‍സിംഹങ്ങളാണ് ഇവ എന്ന് വ്യക്തം. മാത്രമല്ല എട്ടോളം സിംഹക്കുഞ്ഞുങ്ങളെയും വീഡിയോയില്‍ കാണാം.

കാട്ടുപാതയിലൂടെ നടക്കുമ്പോള്‍ കണ്ട അരുവിയിലെ വെള്ളം കുടിച്ച് യാതൊരു ധൃതിയുമില്ലാതെ ആസ്വദിച്ചാണ് സിംഹക്കൂട്ടത്തിന്റെ നടപ്പ്. 'ഇത്രയും മനോഹരമായ സിംഹങ്ങളുടെ കൂട്ടം നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?'' എന്ന ചോദ്യവുമായാണ് പര്‍വീണ്‍ കസ്വാന്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം രണ്ട് ലക്ഷത്തിലേറെ വ്യൂവും, പതിനൊന്നായിരത്തിലേറെ ലൈക്കുകളും, രണ്ടായിരത്തിലേറെ റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. ധാരാളം പേര്‍ കമന്റുകളും ചെയ്തതോടെ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.