ബെൻ ഒൗട്ട് ഒഫ് സ്റ്റോക്സ്

Tuesday 11 August 2020 12:35 AM IST

മാഞ്ചസ്റ്റർ : പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും സൂപ്പർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കില്ലെന്ന് ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കുടുംബപരമായ കാരണങ്ങളാലാണ് ബെൻ വിട്ടുനിൽക്കുന്നതെന്ന് അറിയിച്ച ബോർഡ് വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിസംബറിൽ അസുഖബാധിതനായി ആശുപത്രി വിട്ടശേഷം ന്യൂസിലൻഡിൽ കഴിയുന്ന പിതാവ് ഗെഡ് സ്റ്റോക്സിനെ സന്ദർശിക്കാനാണ് ബെൻ ടീമിൽ നിന്ന് ഒഴിവായതെന്ന് സൂചനയുണ്ട്. ന്യൂസിലാൻഡിന്റെ മുൻ റഗ്ബി താരം കൂടിയായ ഗെഡ് ഡിസംബറിൽ ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര കാണാനായി ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴാണ് രോഗബാധിതനായി ആശുപത്രിയിലായത്. തുടർന്ന് ക്രൈസ്റ്റ്ചർച്ചിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലാണ്.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ടിനെ നയിച്ചത് സ്റ്റോക്സായിരുന്നു. ഇൗ മത്സരത്തിൽ തോറ്റെങ്കിലും തുടർന്നുള്ള രണ്ട് മത്സരങ്ങളിലും അതിഗംഭീരപ്രകടനവുമായി സ്റ്റോക്സ് പരമ്പര വിജയം പിടിച്ചെടുക്കാൻ സഹായിച്ചിരുന്നു.പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ആൾറൗണ്ട് മികവ് പുറത്തെടുത്തു.