മാസ്‌ക് വയ്‌ക്കാതെ റോഡിലിറങ്ങി രവീന്ദ്ര ജഡേജയുടെ ഭാര്യ; നടുറോഡിൽ വാക്കേറ്റം, വനിത ഹെഡ് കോൺസ്‌റ്റബിൾ ആശുപത്രിയിൽ

Tuesday 11 August 2020 4:16 PM IST

അഹമ്മദാബാദ്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ ഹെഡ് കോൺസ്റ്റബിളിനോട് തട്ടിക്കയറി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ. താരവും ഭാര്യയുമായി കാറിൽ സഞ്ചരിക്കവെ ഗുജറാത്തിലെ കിസാൻപര ചൗക്കിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. മഹില പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിളായ സോനൽ ഗോസായിയാണ് ജഡേജയുടെ കാർ പരിശോധനയ്ക്കായി തടഞ്ഞത്.

ഭാര്യ മാസ്‌ക് ധരിക്കാതിരുന്നതിന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ ജഡേജയോട് ലൈസൻസും ചോദിച്ചു. ഇത് താരത്തിന്റെ ഭാര്യയെ പ്രകോപിപ്പിച്ചുവെന്നാണ് വിവരം. തുടർന്ന് റിവാബയും പൊലീസ് ഉദ്യോഗസ്ഥയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരും പരസ്‌പരം മോശമായി പെരുമാറിയെന്നാണ് ആരോപിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മനോഹർ സിംഗ് പറഞ്ഞു. സംഭവത്തിൽ ഇരുവരും പരാതിയൊന്നും നൽകിയിട്ടുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ജഡേജ മാസ്‌ക് ധരിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭാര്യ മാസ്‌ക് ധരിച്ചിരുന്നോയെന്ന കാര്യം അന്വേഷിക്കും. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും മനോഹർസിംഗ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട വനിത ഹെഡ് കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്മർദം കൂടിയത് കാരണമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പൊലീസ് അധികൃതർ നൽകുന്ന വിശദീകരണം.