ഇന്ന് തിരുവനന്തപുരത്ത് 297 പേർക്ക് കൊവിഡ്: രോഗം മൂലം ജില്ലയിൽ മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് ജില്ലയിൽ 297 പേർക്കാണ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ടെന്ന വസ്തുത ആശങ്ക വർദ്ധിപ്പിക്കുകയാണ്.
വർക്കല സ്വദേശി ചെല്ലയ്യ(68), വെള്ളനാട് സ്വദേശിനി പ്രേമ(52), വലിയതുറ സ്വദേശി മണിയൻ(80) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. മറ്റ് അഞ്ച് ജില്ലകളിൽ ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണം നൂറിന് മുകളിലും മലപ്പുറത്ത് അത് 200ന് മുകളിലുമാണ്.
മറ്റ് ജില്ലകളിലെ ഇന്നത്തെ കണക്ക് ഇങ്ങനെ. മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂർ 32, കണ്ണൂർ 36, കൊല്ലം 25, കോട്ടയം 24, പാലക്കാട് 20, വയനാട് 18, ഇടുക്കി 4.
അതേസമയം, സംസ്ഥാനത്ത് ആകെ ഇന്ന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1242 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 105 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരെക്കാൾ രോഗമുക്തി ഇന്നുണ്ട്.