'ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും...' പ്രളയം കൊണ്ടുപോയി
തിരുവനന്തപുരം: ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തിപ്പിടിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക... ഇൗ സന്ദേശം ദിവസവും കേൾക്കാത്ത മലയാളികൾ കാണില്ല. മാർച്ചിൽ എത്തിയ ഒരു മിനിട്ടോളം ദെെർഘ്യമുള്ള ഇൗ മുൻകരുതൽ സന്ദേശം ദിവസങ്ങൾക്കുള്ളിൽ വെെറലായി. അതിപ്പോൾ മലയാളികൾക്ക് പൊല്ലാപ്പായി. കൊവിഡ് പ്രതിസന്ധിക്കൊപ്പം പ്രളയ സമാനമായ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ സഹായം ലഭ്യമാക്കാനായി ആശ്രയിക്കുന്നത് ഫോണുകളെയാണ്. ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ അടിയന്തര സഹായങ്ങൾക്കായി വിളിക്കുമ്പോൾ ഇൗ സന്ദേശം വിലങ്ങുതടിയാകുന്നത് എന്തൊരു കഷ്ടമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ആക്ഷേപം വ്യാപകമായതോടെ സന്ദേശം ആദ്യമായി കോളർ ട്യൂണാക്കിയ ബി.എസ്.എൻ.എൽ അവസാനിപ്പിച്ചു. കേന്ദ്രത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഈ അറിയിപ്പ് നിറുത്തിയത്. ബി.എസ്.എൻ.എൽ കേരള സർക്കിളുമായി ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്നാണ് രാജ്യമെങ്ങും ഇംഗ്ലീഷിൽ പ്രചരിപ്പിച്ച സന്ദേശത്തിന്റെ മലയാള പരിഭാഷ ഉണ്ടായത്. മറ്റ് ഫോൺ ഓപ്പറേറ്റർമാരും സന്ദേശം ഒഴിവാക്കുമെന്നാണ് കരുതുന്നത്.