അഫിലിയേഷൻ ഇല്ലെങ്കിൽ പരീക്ഷ എഴുതിക്കരുത്
കൊച്ചി : സി.ബി.എസ്.ഇ അഫിലിയേഷനില്ലാത്ത സ്‌കൂളുകളിലെ കുട്ടികളെ അഫിലിയേഷനുള്ള സ്കൂളുകളിൽ പരീക്ഷയെഴുതിക്കുന്ന രീതി അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. അഫിലിയേഷനില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് സർക്കാരും, കുട്ടികൾ അഫിലിയേഷനുള്ള സ്കൂളിലാണ് പഠിക്കുന്നതെന്ന് രക്ഷിതാക്കളും ഉറപ്പ് വരുത്തണമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാൽ പത്താംക്ളാസ് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കൊച്ചി മൂലംകുഴിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർസ് , പള്ളുരുത്തി അൽ അസർ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ വിദ്യാർത്ഥികൾ നൽകിയ അപ്പീലിലാണിത്.
രണ്ട് സ്കൂളുകളിലെയും കുട്ടികളെ മുൻവർഷങ്ങളിൽ അഫിലിയേഷനുള്ള മറ്റൊരു സ്കൂളിൽ രജിസ്റ്റർ ചെയ്താണ് പരീക്ഷ എഴുതിച്ചിരുന്നത്. ഇത്തവണ ആ സ്കൂൾ അധികൃതർ അതിന് തയ്യാറാവാതിരുന്നതിനാലാണ് കുട്ടികൾക്ക് പത്താംക്ളാസ് പരീക്ഷയെഴുതാനാവാതെ വന്നത്. വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെന്റുകളും ഹൈക്കോടതിയെ സമീപിച്ചപ്പോഴേക്കും രണ്ടു പരീക്ഷകൾ കഴിഞ്ഞിരുന്നു. ബാക്കി പരീക്ഷകളെഴുതാൻ അവസരം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകി. എഴുതാതെ പോയ രണ്ടു പരീക്ഷകൾ ഡൽഹി മേഖലയിലെ കുട്ടികളുടെ പരീക്ഷയ്ക്കൊപ്പം നടത്താനും നിർദേശിച്ചു. കൊവിഡ് വ്യാപനത്തെത്തുടർന്ന് പരീക്ഷകൾ നടന്നില്ല. തുടർന്നാണ് മൂല്യനിർണയത്തിൽ മാറ്റംവരുത്തി സി.ബി.എസ്.ഇ ഫലപ്രഖ്യാപനം നടത്തിയത്. ഇക്കാര്യങ്ങൾ സി.ബി.എസ്.ഇ വ്യക്തമാക്കിയതോടെ, ഡിവിഷൻബെഞ്ച് അപ്പീൽ തീർപ്പാക്കി.