പെട്ടിമുടിയിൽ ഇന്ന് ലഭിച്ചത് മൂന്ന് മൃതദേഹങ്ങൾ: മരണം 55 ആയി, കണ്ടെത്താനുളളത് 15പേരെ

Wednesday 12 August 2020 2:19 PM IST

ഇടുക്കി: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ ഇന്ന് ലഭിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിൽ ഏറെയും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ അടക്കമുളള സംവിധാനങ്ങൾ ഉപയോഗിച്ച് സമീപത്തെ പുഴയിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ് രക്ഷാപ്രവർത്തകർ.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറ് ദിവസം കഴിഞ്ഞതിനാൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനയടക്കം നടത്താനുളള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം.

ദുരന്തമുഖത്തുനിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരത്തിലുളള പുഴയിലും തെരച്ചിലും നടത്തുന്നുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തെരച്ചിൽ നടക്കുന്നത്.