ഫോറസ്‌റ്റിലെ ചില ഓഫീസർമാരെ അവർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, തെളിവ് നിരത്തി വാവ സുരേഷ്

Wednesday 12 August 2020 4:11 PM IST

തനിക്ക് പാമ്പ് പിടിക്കാനുള്ള ലൈസൻസ് കിട്ടാതിരിക്കാൻ ഒരുപാട് പേർ രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് വാവാ സുരേഷ്. താൻ പാമ്പ് പിടിക്കുന്നത് തെറ്റായ രീതിയിൽ ആണെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഫോറസ്റ്റ് കേസ് ഉണ്ടാക്കിയാൽ ലൈസൻസ് നൽകാൻ കഴിയില്ല എന്നുള്ളതിനാൽ വ്യാജപ്രചരണങ്ങൾ കൊണ്ടുവരികയാണെന്നും വാവാ സുരേഷ് പറയുന്നു. തന്നെ വിമർശിക്കുന്ന പലരും തെറ്റായ രീതിയിലാണ് പാമ്പിനെ പിടികൂടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വാവാ സുരേഷ് നിരപരാധിത്വം ബോധിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പിടിക്കുന്ന പാമ്പുകളെ താൻ വനം വകുപ്പിൽ ഏൽപ്പിക്കാറുണ്ട്. ഇതുവരെ തെറ്റായൊന്നും ചെയ്‌തിട്ടില്ല. വർഷങ്ങളായി പാമ്പ് പിടിക്കുന്നവർക്ക് ഇപ്പോൾ വനം വകുപ്പ് ട്രെയിനിംഗ് കൊടുക്കുകയാണ്. ട്രെയിനിംഗിൽ ക്ലാസെടുക്കാൻ എത്തുന്നത് പുസ്‌തകങ്ങളിൽ മാത്രം പാമ്പിനെപ്പറ്റി വായിച്ച് അറിവുള്ളവരാണ്. പലരിൽ നിന്നും പലിശയ്ക്ക് പണം വാങ്ങിയാണ് താൻ കഷ്‌ടപ്പെട്ട് പാമ്പ് പിടിച്ച് ജീവിക്കുന്നത്. തനിക്ക് ഒരു ഫണ്ടിംഗുമില്ല.

സക്കീർ ഹുസൈൻ പാമ്പ് കടിയേറ്റ് മരിച്ചതുവരെ തന്റെ അനുകരണം കൊണ്ടാണെന്നാണ് പലരും പറയുന്നത്. ഇതിന് മുമ്പും ഒരുപാട് പേർ പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് പേർ മരിക്കും. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ ഫോറസ്റ്റ് പുതിയ നിയമം നടപ്പിലാക്കി.അതിൽ വളരെയേറെ സന്തോഷമുണ്ട്. അനാവശ്യമായി പാമ്പുകളെ പിടിക്കുന്നതും മുൻപരിചയം ഇല്ലാതെ കൈകാര്യം ചെയ്യുന്നതും ശിക്ഷാർഹമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും വാവാ സുരേഷ് പറയുന്നു.