എൽ.എൻ.ജി എത്തുന്നു ; ലാഭക്കണ്ണുമായി മംഗലാപുരം വ്യവസായങ്ങൾ

Thursday 13 August 2020 1:10 AM IST

കൊച്ചി: കേരളം കടന്നെത്തുന്ന ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) സ്വീകരിക്കാൻ സജ്ജമായി കാത്തിരിക്കുകയാണ് കർണാടകത്തിലെ വലുതും ചെറുതമായ നിരവധി വ്യവസായ സ്ഥാപനങ്ങൾ. മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് ആണ് കർണാടകയിലെ കന്നി ഉപഭോക്താവ്. ഇന്ധനഉപഭോഗച്ചെലവ്‌ 40 ശതമാനമായി കുറയും എന്നതാണ് വ്യവസായ സ്ഥാപനങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്. അതിനാൽ കർണാടക സർക്കാരിനും പദ്ധതിയിൽ അതീവ താത്പര്യമുണ്ട്.

കൊച്ചി -മംഗലാപുരം പൈപ്പ് ലൈൻ കമ്മിഷൻ ചെയ്യാനുള്ള ജോലികൾ ഏഴു വർഷം വൈകിയാണ് പൂർത്തിയാവുന്നത്. കാസർകോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴ മുറിച്ചുകടന്ന് പൈപ്പിടുന്ന ജോലികളും പൂർത്തിയായി. മിനുക്കുപണികൾ മാത്രമാണ് ബാക്കി

മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എൽ.എൻ.ജി സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു. 2011 ൽ കരാർ ഒപ്പിട്ടു. 305 കോടി രൂപ ചെലവിൽ 2014 ൽ തന്നെ ഫാക്ടറിയിൽ മാറ്റങ്ങൾ വരുത്തി. പൈപ്പ് ലൈൻ കമ്മിഷൻ ചെയ്താലുടൻ ഇന്ധനം എൽ.എൻ.ജിയിലേക്ക് മാറും. അഞ്ചു വർഷത്തേക്ക് കേന്ദ്ര സർക്കാരിന്റെ സബ്സിഡിയും ലഭിക്കും. പരിമിതമായ അളവിൽ ഇന്ത്യയിൽ എൽ.എൻ.ജി ഉത്പാദിപ്പിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന എൽ.എൻ.ജിയെക്കാൾ വിലക്കുറവാണ് ഇതിന്. വിലയിലെ ഈ അന്തരമാണ് സബ്സിഡിയായി ലഭിക്കുക.

ചർച്ചകൾ തകൃതി

കർണാടകത്തിൽ ബന്ത്‌വാൾ, മംഗളൂരു താലൂക്കുകളിൽ വ്യവസായ മേഖലയിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. മംഗലാപുരത്തെ വൻകിട, ഇടത്തരം, ചെറുകട വ്യവസായങ്ങൾ എൽ.എൻ.ജിയിലേക്ക് മാറാൻ ഒരുക്കങ്ങൾ വേഗത്തിലാക്കി. കരാർ ഒപ്പിടാൻ ഗെയിലുമായി നിരവധി സ്ഥാപനങ്ങൾ ചർച്ചകൾ തുടരുകയാണ്.

വിതരണം രണ്ടിരട്ടി

മംഗലാപുരം പൈപ്പ് ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ കൊച്ചി ടെർമിനലിൽ നിന്നുള്ള എൽ.എൻ.ജി വിതരണം മൂന്നു ദശലക്ഷം ക്യുബിക് അടിയായി വർദ്ധിക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ (ഗെയിൽ) ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ ഒരു ദശലക്ഷം ക്യുബിക് അടിയാണ് വിതരണം. കേരളത്തിന് വില്പന നികുതി വരുമാനവും വർദ്ധിക്കും. പ്രക്ഷോഭങ്ങളും മഹാപ്രളയങ്ങളുമുൾപ്പെടെ നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.