ഒക്ടോബർ മുതൽ പരീക്ഷകൾ നടത്താനൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾക്കായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒക്ടോബർ മുതൽ എഴുത്ത് പരീക്ഷകൾ നടത്താൻ പി.എസ്.സി തയ്യാറെടുക്കുന്നു.
ലോക്ക്ഡൗണിൽ മുടങ്ങിപ്പോയ പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലുും ശരവേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം. ഹൈസ്‌കൂൾ അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക് , ലാസ്റ്റ് ഗ്രേഡ് സർവന്റ് , സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നിവയുൾപ്പെടെ 300 തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് നടപടിയെടുക്കും
ഉദ്യോഗാർഥികൾക്ക് യാത്രാ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന വിധമാവും പരീക്ഷകൾ ക്രമീകരിക്കുക. പരീക്ഷാ ഹാളുകളിലെ കാര്യങ്ങളും മറ്റ് തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനിക്കും. നടന്നു കഴിഞ്ഞ പരീക്ഷകളുടെ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകൾ സമാഹരിച്ച് സമയബന്ധിതമായി പ്രസിദ്ധീകരിക്കും. എൽ.ഡി ക്ലാർക്ക് തസ്തികകയിലേക്ക് 17 ലക്ഷവും, ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഏഴ് ലക്ഷവും അപേക്ഷകരുണ്ട്. ലോക്ക് ഡൗണിനെത്തുടർന്ന് പി.എസ്.സി ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും ,നിരവധി പട്ടികകൾ ഇക്കാലയളവിൽ പ്രസിദ്ധീകരിക്കുകയും കാലാവധി കഴിയാറായ റാങ്ക് ലിസ്റ്റുകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തിരുന്നു.