എൻ.ടി.എ സുപ്രീംകോടതിയിൽ നീറ്റ് ഓൺലൈനായി നടത്താനാകില്ല

Friday 14 August 2020 12:00 AM IST

ന്യൂഡൽഹി: ജെ.ഇ.ഇ.(മെയിൻ) മാതൃകയിൽ മെഡിക്കൽ പ്രവേശനപ്പരീക്ഷയായ നീറ്റ് ഓൺലൈനായി നടത്താൻ സാധിക്കില്ലെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ സെന്ററുകൾ അനുവദിക്കാൻ കഴിയില്ലെന്നും അറിയിച്ചു.

കൊവിഡിന്റെ പശ്ചാലത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റിന് സെന്ററുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഖത്തർ കെ.എം.സി.സിയും ഒൻപതു രക്ഷാകർത്താക്കളും സമർപ്പിച്ച ഹർജിയിൽ ഇതിന്റെ സാദ്ധ്യത കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടി സത്യവാംഗ്‌മൂലമാണ് സമർപ്പിച്ചത്.

പരീക്ഷ സെപ്തംബർ 13 തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് എൻ.ടി.എ പറയുന്നു. ചോദ്യക്കടലാസ് നൽകിയാണ് 2016 മുതൽ പരീക്ഷ നടത്തുന്നത്. ഓൺലൈൻ പ്രവേശന പരീക്ഷ പ്രായോഗികമല്ല. ഒരേ ദിവസം ഒരു ഷിഫ്റ്റിൽ ഒരേസമയമാണ് പരീക്ഷ നടത്തേണ്ടത്. പരീക്ഷയുടെ ഏകീകൃത സ്വഭാവം നിലനിറുത്താൻ ഇത് അനിവാര്യമാണ്. ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

ഗൾഫിൽ നാലായിരം അപേക്ഷകർ

നാലായിരത്തോളം വിദ്യാർത്ഥികളാണ് നീറ്റ് എഴുതാൻ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അപേക്ഷിച്ചിട്ടുള്ളതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ഹാരീസ് ബീരാനും പല്ലവി പ്രതാപും കഴിഞ്ഞ തവണ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മലയാളികളാണ് ഇതിൽ പകുതിയിലേറെ പേരും.