'വേണ്ടത് വിവാദമല്ല വികസനം', റെഡ്‌ക്രെസന്റിനെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് പങ്കില്ല, വിശദീകരണവുമായി കോടിയേരി
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലെ സന്നദ്ധസ്ഥാപനമായ റെഡ് ക്രസന്റ് വീടുകൾ നിർമ്മിച്ചു നൽകുന്നത് സംബന്ധിച്ച് വിവാദങ്ങളുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്കു മാത്രമെന്ന് കോടിയേരി വ്യക്തമാക്കി.
ദേശാഭിമാനിയിലെഴുതിയ 'വേണ്ടത് വിവാദമല്ല വികസനം' എന്ന ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ വിശദീകരണവുയെത്തിയത്. വടക്കാഞ്ചേരിയിൽ വീട് നിർമ്മിക്കാനുള്ള ഏജൻസിയെ നിശ്ചയിച്ചതിൽ പിണറായി സർക്കാരിന് പങ്കില്ലെന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉപയോഗിച്ച് സർക്കാരിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
സംസ്ഥാനം നിയമസഭ - പ്രാദേശിക തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്ന വേളയില്‍ ഇതിന് പ്രസക്തി ഏറെയാണെന്നും, വികസനത്തിന് വഴിതെളിക്കുന്ന എല്‍.ഡി.എഫ് ആണോ, വഴി മുടക്കുന്ന യു.ഡി.എഫ് --ബി.ജെ.പി വേണോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. നാടിന് ആവശ്യം വിവാദമല്ല, വികസനമാണെന്നും, ഈ ഒരു വികാരത്തിലേക്ക് കേരള സമൂഹമാകെ താമസിയാതെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും ആര്‍.എസ്.എസും നേതൃത്വം നൽകുന്ന ബി.ജെ.പിയും. ഇവരുടെ മുദ്രാവാക്യം വികസനം മുരടിച്ചാലും വേണ്ടില്ല, വിവാദം വളര്‍ത്തി എല്‍.ഡി.എഫ് ഭരണത്തെ ദുര്‍ബലപ്പെടുത്തണം എന്നതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ലേഖനത്തിൽ വ്യക്തമാക്കി.