കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടേയും വിവരങ്ങൾ ചോർന്നു; ഗുരുതര ആരോപണവുമായി പി.ടി തോമസ്

Friday 14 August 2020 2:41 PM IST

കൊച്ചി: കെ.എസ്.എഫ്.ഇയിൽ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടേയും വിവരങ്ങൾ ചോർന്നുവെന്ന ആരോപണവുമായി പി.ടി തോമസ് എം.എൽ.എ. അമേരിക്കൻ കമ്പനിയായ ക്ലിയർ ഐ ആണ് വിവരം ചോർത്തിയതെന്നാണ് ആരോപണം. കെ.എസ്.എഫ്.ഇ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോർട്ടലും നിർമ്മിക്കാൻ നൽകിയ ടെൻഡറിലാണ് വൻ അഴിമതി നടന്നതായി പി.ടി തോമസ് ആരോപിക്കുന്നത്. സ്‌പ്രിൻക്ലർ മോഡൽ കമ്പനിയായ ക്ലിയർ ഐ ഡാറ്റ ചോർത്തിയെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.എഫ്.ഇ ഡാറ്റ കൈമാറിയത് സർക്കാരിന്റെ അറിവോടെയാണ്. ചട്ടവിരുദ്ധമായാണ് കരാർ ഉറപ്പിച്ചത്. സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന രീതിയിലാണ് ഈ ടെൻഡർ ഇഷ്ടക്കാർക്ക് നൽകിയത്. 14 കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചു. 9 കമ്പനികളെ യോഗ്യത ഇല്ലാത്തതിനാൽ തള്ളി. വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനികളെ ഉൾപ്പെടുത്തി ടെണ്ടർ വിളിച്ചു. ടെണ്ടർ നടപടിയിൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ പോലും പാലിക്കാതെ എ.ഐ വെയറിന് മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും നിർമ്മിക്കുന്നതിനായി കരാർ നൽകുകയായിരുന്നു. ടെൻ‌ഡർ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും പി.ടി തോമസ് ആരോപിക്കുന്നു.

ഇതിനുപിന്നിൽ സിഡിറ്റ് ഡയറക്ടറും കെ.എസ്.എഫ്.ഇ ഡയറക്ടറും പർച്ചേസ് കമ്പനി തലവനും പ്ലാനിംഗ് ബോർഡ് മേധാവിയുമായ പി.വി ഉണ്ണികൃഷ്‌ണന്റെ വഴിവിട്ട ഇടപാടാണ്. ഗിരീഷ് ബാബു, പ്രവാസി ചിട്ടിയുടെ കൺസൾട്ടന്റായ ശ്യാം കെ.ബി എന്നിവരെ വിവിധ പദ്ധതികളിലായി കൺസൾട്ടന്റുമാരായി ക്രമവിരുദ്ധമായി പിൻവാതിലിലൂടെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയമനത്തിൽ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ വലംകൈ ആയ ഉണ്ണികൃഷ്ണന്റെ ചട്ടവിരുദ്ധമായ നടപടികളാണെന്നും പി.ടി തോമസ് എം.എൽ.എ ആരോപിച്ചു.