കോതമംഗലത്തെ പളളിക്കേസ്: സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി, വിധി നടപ്പാക്കാൻ കേന്ദ്രസേനയെ വിളിക്കാനുളള സാദ്ധ്യതയും തേടി

Friday 14 August 2020 4:09 PM IST

കൊച്ചി: കോതമംഗലം പളളിക്കേസിലെ വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തളളി. കേസുമായി ബന്ധപ്പെട്ട് കേന്ദ്രസേനയെ വിളിക്കുന്നതിനുളള സാദ്ധ്യതയും കോടതി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒന്നുകിൽ പൊലീസിനെ ഉപയോഗിച്ച് സർക്കാർ വിധി നടപ്പാക്കുക. അല്ലെങ്കിൽ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് കാഴ്ചക്കാരായി നോക്കിനിൽക്കുക. ഈ രണ്ട് മാർഗമാണ് സർക്കാരിന് മുന്നിലുളളതെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ആവശ്യത്തിന്‌ സമയം അനുവദിച്ചിരുന്നു. എന്നാൽ പളളികൾ ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതോടെയാണ് കോടതി കേന്ദ്ര സേനയെ വിളിക്കുന്നതിനെക്കുറിച്ചുളള സാധ്യത തേടിയത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.