മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Friday 14 August 2020 7:22 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മുഖ്യമന്ത്രിയിൽ നടത്തിയ കൊവിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. ഇതോടൊപ്പം, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്കും കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്വയംനീരിക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വികരിപ്പൂർ വിമാനത്താവളത്തിൽഅപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു.

മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരുൾപ്പെടെ ഇരുപതിലധികം പേർ രോഗബാധിതരായതിന് പിന്നാലെയാണ് കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ചെന്ന കാരണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുന്നത്.

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അപകടസ്ഥലവും കോഴിക്കോട് മെഡിക്കൽ കോളജും സന്ദർശിച്ചത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും അഞ്ച് മന്ത്രിമാരും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സംഘത്തിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് ബെഹ്റയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.