ചെടികളിൽ പഴുപ്പും മഞ്ഞളിപ്പും ജില്ലയിലെ ഇഞ്ചി കർഷകർ ആശങ്കയിൽ

Friday 21 August 2020 12:27 AM IST
വടക്കഞ്ചേരി മേഖലയിൽ മഞ്ഞളിപ്പ് രോഗം ബാധിച്ച ഇഞ്ചികൃഷി.

വടക്കഞ്ചേരി: മഴ കുറഞ്ഞ് പാടശേഖരങ്ങളിലെ വെള്ളം ഇറങ്ങിയതോടെ ഇഞ്ചി കർഷകർക്ക് തലവേദനയായി ചെടികളിലെ പഴുപ്പും മഞ്ഞളിപ്പും. ഇതോടെ ഏറെ പ്രതീക്ഷയിൽ നിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകർ ഇഞ്ചി വിളവെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ്.

ജില്ലയിൽ ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി മേഖലകളിലും ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വിവിധയിടങ്ങളിലും ഇത്തവണ കൂടുതൽ പ്രദേശങ്ങളിൽ ഇഞ്ചി കൃഷിയിറക്കിയിട്ടുണ്ട്. എക്കറിന് ഒന്നരലക്ഷം രൂപവരെ പാട്ടത്തിന് എടുത്താണ് പലരും കൃഷിചെയ്യുന്നത്. കഴിഞ്ഞ മാസം ചെത്തിക്കൂട്ടി വരിയിടലും വളപ്രയോഗവും കഴിഞ്ഞ തൈകളിലാണ് നിലവിൽ രോഗംപടർന്നു പിടിച്ചിരിക്കുന്നത്. ഇതിനാൽ 75 ദിവസം മൂപ്പായ ഇഞ്ചി ചെടിയിൽ രോഗ നിവാരണത്തിന് തുരിശും കുമ്മായവും ചേർത്തുണ്ടാക്കിയ ബോർഡോ മിശ്രിതം സ്‌പ്രേ ചെയ്യുന്ന തിരക്കിലാണ് കർഷകർ.

 പെരുമ്പാവൂർ, കോതമംഗലം, കോട്ടയം, പാല, മുവാറ്റുപുഴ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുവന്ന കർഷകരാണ് നെന്മാറ, വടക്കഞ്ചേരി, കൊല്ലങ്കോട് തുടങ്ങി പ്രദേശങ്ങളിൽ ഇഞ്ചികൃഷി ചെയ്യുന്നത്.  നിലവിൽ പച്ച ഇഞ്ചി കിലോയ്ക്ക് 150 രൂപ വരെ വിലയുണ്ട്.