മോട്ടോർ സൈക്കിൾ യാത്രയ്ക്ക് ചെലവ് കുറയ്ക്കാം : സാങ്കേതിക വിദ്യയുമായി വിദ്യാർത്ഥികൾ

Thursday 20 August 2020 9:41 PM IST

പത്തനംതിട്ട: ഐസി എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകൾ കുറഞ്ഞ ചെലവിൽ ഇലക്ട്രിക് എൻജിനിലേക്ക് പരിവർത്തനം ചെയ്യാവുന്ന സാങ്കേതികവിദ്യയുമായി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. മലയാലപ്പുഴ മുസലിയാർ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ അവസാനവർഷ വിദ്യാർത്ഥികളാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. എം.ആർ. വൈശാഖ്, ഷെമിൻ ജോസ്, നന്ദു രമേശ്, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ കെ. പ്രവീൺ, കെ. ശ്രീരഞ്ജിനി എന്നിവർ സാങ്കേതിക സഹായം നൽകി. കേരള സാങ്കേതിക സർവകലാശാലയുടെ എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ കേരളത്തിലെ മികച്ച എൻജിനീയറിംഗ് പ്രോജക്ടുകളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തിട്ടുമുണ്ട്. ഐസി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വൈദ്യുതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നുണ്ടെന്ന് വിദ്യാർത്ഥികൾ അവകാശപ്പെട്ടു. കിലോമീറ്ററിന് ചെലവും കുറവാണ്. ഇലക്ട്രിക് എൻജിനിലേക്കുള്ള പരിവർത്തനച്ചെലവ് 2000 രൂപയിലൊതുങ്ങുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇത്തരത്തിൽ പരിവർത്തനം ചെയ്യാനുള്ള കിറ്റ് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിലേക്ക് ഒരു സംരംഭം കെ.എസ്‌.ഐ.ഡി.സിയുടെ സഹകരണത്തിൽ മുസലിയാർ കോളേജിൽ ആരംഭിക്കാനുള്ള നടപടികളും തുടങ്ങി. പ്രൊഫ.ശരത് രാജ് നേതൃത്വം നൽകും.