ആപ്പ് കള്ളിന് ആപ്പായി, കുടിക്കാനാളില്ല

Friday 21 August 2020 4:17 AM IST

കോലഞ്ചേരി: കള്ളു കുടിക്കാനാളില്ല, കള്ളുഷാപ്പുകൾ പൂട്ടേണ്ട ഗതികേടിലാണ് പോക്ക്. ബെവ് ക്യൂ ആപ്പിറങ്ങിയപ്പോൾ നാലു ദിവസത്തിലൊരിക്കലേ മദ്യം ലഭിച്ചിരുന്നുള്ളൂ.

ഇപ്പോൾ ആപ്പുണ്ടേലും ഇല്ലേലും വിദേശമദ്യം സുലഭം. ബിവറേജസ് ഷോപ്പുകളിൽ പോലും ദിവസമാനദണ്ഡം ഇല്ലാതായി.

കൊവിഡ് നിയന്ത്റണങ്ങളുടെ കാർക്കശ്യവും പോയതോടെ കള്ളുപേക്ഷിച്ച് കുടിയന്മാർ വീണ്ടും ബീവറേജിനെ നെഞ്ചോടു ചേർത്തു.

കൊവിഡിനു മുമ്പുള്ളതിന്റെ പകുതി പോലും കള്ള് വില്ക്കുന്നില്ല.ഷാപ്പിലിരുന്നുള്ള കുടി നിഷിദ്ധമായപ്പോൾ യുവാക്കളും അഞ്ചയലത്തേയ്ക്ക് അടുക്കുന്നില്ല. ഷാപ്പുകളുടെ മേലുള്ള കാർക്കശ നിലപാടുകളിൽ ഒരു മാറ്റവുമില്ല.

വൈകിട്ട് ഏഴിന് ഷാപ്പുകൾ അടയ്ക്കണം.

ഇരുന്ന് കുടിക്കാനോ, ഷാപ്പ് ഭക്ഷണം കഴിക്കാനോ പാടില്ല.

ആവശ്യക്കാർ പാഴ്‌സലായി കള്ള് വാങ്ങണം.

വിദേശ മദ്യം പോലെ കള്ളു വാങ്ങിക്കൊണ്ടുപോകാൻ ആളു കുറവാണ്. ഷാപ്പിൽ തന്നെയിരുന്ന് ഭക്ഷണവും കള്ളും കുടിക്കുന്നതാണ് പരമ്പരാഗതരീതി. അതിന് വഴിയില്ലാതായതോടെ പതിവുകാർ കളം മാ​റ്റിച്ചവിട്ടിയെന്നാണ് ലൈസൻസികൾ പറയുന്നത്.

ചെത്തിയിറക്കിയ കള്ള് 48 മണിക്കൂർ കഴിഞ്ഞാൽ നശിപ്പിക്കണമെന്നാണ് അബ്കാരി നിയമം. ഷാപ്പിലേക്ക് കള്ള് വേണ്ടാതാകുമ്പോൾ ചെത്തുകാർക്കും നശിപ്പിക്കേണ്ടിവരുന്നു. ഷാപ്പിലെ ഭക്ഷണത്തിൽ നിന്നാണ് കുറച്ചെങ്കിലും വരുമാനം ലഭിക്കുക. ഇപ്പോൾ അതും ഇല്ല. കൊവിഡ് വ്യാപനം തുടരുന്നതോടെ കള്ളു വില്പനയും തകരുമോ എന്ന ഭീതിയിലാണ് ചെത്തുകാരും, കരാറുകാരും.