വിമാനത്താവളം കൈമാറ്റം അംഗീകരിക്കില്ല :ചെന്നിത്തല

Friday 21 August 2020 12:00 AM IST

തിരുവനന്തപുരം: വ്യോമയാന മേഖലയിൽ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നൽകിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർവകക്ഷി യോഗത്തിൽ പറഞ്ഞു.

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളും സർക്കാർ പങ്കാളിത്തത്തോടെ വിജയകരമായും ലാഭകരമായും നടക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേൽനോട്ടവും സംസ്ഥാനസർക്കാരിന് നൽകണം. ഇക്കാര്യം സംയുക്തമായിതന്നെ കേന്ദ്രസർക്കാരിനെ അറിയിക്കണം. നിയമസഭയിൽ ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയമവതരിപ്പിച്ചിട്ടും വ്യാപകപ്രതിഷേധമുയർത്തിയിട്ടും അതെല്ലാം അവഗണിച്ചാണ് അദാനിക്ക് നൽകിയത്. കോടതിയിൽ വ്യവഹാരമുള്ളതിനാൽ വിമാനത്താവളം ഉടൻ കൈമാറാനാവില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെ

ബി.ജെ.പി

കേരളത്തിന്റെ വികസനത്തിന് സഹായകരമായ പദ്ധതികളിൽ പണം മുടക്കാൻ തയ്യാറായി വരുന്ന വ്യവസായികളെയും നിക്ഷേപകരെയും മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പിയെ പ്രതിനിധീകരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. വിമാനത്താവളക്കാര്യത്തിൽ കേരളത്തിന്റെ വികസനത്തിന് വിരുദ്ധസമീപനമാണ് യു.ഡി.എഫിന്റേതും എൽ.ഡി.എഫിന്റേതും. വിഴിഞ്ഞം പദ്ധതി കാലങ്ങളോളം വൈകിപ്പിക്കാൻ ന്യായങ്ങൾ കണ്ടെത്തിയർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിലും അതേ സമീപനവുമായി രംഗത്തു വന്നിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.