പൂക്കളമില്ലാതെ നാളെ അത്തം

Thursday 20 August 2020 11:45 PM IST

തിരുവനന്തപുരം: നാളെ അത്തം പിറക്കുകയാണ്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരോണത്തിനായാണ് ഇക്കുറി അത്തത്തിന്റെ പിറവി. ആഘോഷങ്ങളും പൂവിളിയുമില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുവിലുള്ള ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. അത്തം പിറന്നാൽ പത്തിന് പൊന്നോണമാണ്. അതിനെ വരവേൽക്കാൻ പൂക്കളമൊരുക്കിയിരുന്ന കേരളക്കര അതും മറക്കുകയാണ്. പൊതുനിരത്തിലും ക്ളബുകളിലും ഓഫീസുകളിലുമൊന്നും പൂക്കളമില്ല.

സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നതിനാലും പലരും വർക്ക് ഫ്രം ഹോമിലായതിനാലും ഓണത്തിളക്കവുമില്ല. എങ്ങും കൊവിഡിനെതിരെയുള്ള ജാഗ്രതയാണ്. സാധാരണ ഓണക്കച്ചവടം പൊടിപൊടിക്കുന്ന ദിനങ്ങളായിരുന്നു. ദൂരെയുള്ളവർ വീടുകളിലെത്തുന്ന ദിവസങ്ങളും. അതെല്ലാം മാറ്റിവയ്ക്കുകയാണ്. കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ രോഗം പെട്ടെന്ന് ഭേദമാകട്ടെ എന്ന പ്രാർത്ഥന. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി നേരലും. ചിങ്ങം പിറന്നാൽ ഓണനിലാവ് പരക്കും. ഇക്കുറി നിലാവും കണ്ടുതുടങ്ങിയില്ല. തൃപ്പൂണിത്തുറയിലെ അത്തച്ചമയങ്ങളും ഘോഷയാത്രയും ഓർമ്മയിലൊതുങ്ങുയാണ്. അവിടവിടെ തുമ്പിയും തുമ്പപ്പൂവുമുണ്ടെങ്കിലും ആടിക്കളിക്കാൻ ഉൗഞ്ഞാലില്ല.