സെൻസർ സാനിറ്റൈസർ മെഷീനുമായി പത്താംക്ലാസുകാരൻ
Friday 21 August 2020 12:02 AM IST
ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് സാനിറ്റൈസർ വേണോ, കാർത്തിക്ക് നിർമ്മിച്ച് നൽകിയ യന്ത്രത്തിനടുത്ത് കൈ കാണിച്ചാൽ മതി. ഗവ: ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി എം.കെ.കാർത്തിക്കാണ് കൈകൊണ്ട് തൊടാതെ സാനിറ്റൈസറെടുക്കുന്ന മെഷീൻ നിർമ്മിച്ച് ശ്രദ്ധേയനായത്. സാനിറ്റൈസർ ബോട്ടിലിൽ സ്പർശിക്കുന്നത് രോഗ വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് കാർത്തിക് ഇങ്ങനെയൊരു മെഷീൻ നിർമ്മിച്ചത്. ഫാറൂഖ് കോളേജിനടുത്ത് കൊടക്കല്ലുപറമ്പിൽ കാർപ്പന്ററായ സാബുവിന്റെ മകനാണ് ഈ കൊച്ചു ശാസ്ത്രജ്ഞൻ. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയൻ മെഷീൻ ഏറ്റുവാങ്ങി. അൾട്രാ സോണിക് സെൻസറും മോട്ടോറും ഉപയോഗിച്ചാണ് മെഷീൻ നിർമ്മിച്ചതെന്ന് കാർത്തിക് പറഞ്ഞു.