ആരോഗ്യമായിരിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
കൊല്ലം: ഓണാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാപാര കേന്ദ്രങ്ങൾ, വിപണന മേഖലകൾ തുടങ്ങി എവിടെ പോകുമ്പോഴും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് നൽകുന്ന സുരക്ഷാ മുൻകരുതലുകൾ പാലിച്ചാൽ കൊവിഡിനെ മറികടന്ന് സമൃദ്ധമായി ഓണം ആഘോഷിക്കാം. രോഗികളുടെ എണ്ണം വൻ തോതിൽ ഉയർന്നതോടെ ഇപ്പോൾ റൂട്ട് മാപ്പുകൾ പ്രത്യേകമായി തയ്യാറാക്കുന്നില്ല. എല്ലായിടത്തും രോഗമുണ്ടെന്ന ബോദ്ധ്യത്തോടെ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണം.
പുറത്തിറങ്ങുമ്പോൾ ഓർക്കാൻ
1. മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ എടുക്കാനും ഉമ്മവയ്ക്കാനും ശ്രമിക്കരുത്
2. ആളുകൾ കൂടുന്നിടത്തേക്ക് പോകരുത്
3. വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിന്ന് പരമാവധി ഒഴിഞ്ഞ് നിൽക്കുക
4. നോട്ടുകൾ എണ്ണുമ്പോൾ നാവിൽ വിരൽ തൊട്ട് നനയ്ക്കരുത്
5. സ്വന്തം മൊബൈൽ ഫോൺ മറ്റുള്ളവർക്ക് കൊടുക്കരുത്
6. പൊതു സ്ഥലങ്ങളിൽ തുപ്പരുത്, മൂക്ക് പൊത്താതെ തുമ്മരുത്
7. പുറത്ത് നിന്ന് ചായ, വെള്ളം കുടിക്കുമ്പോൾ ഡിസ്പോസിബിൾ ഗ്ലാസ് ഉപയോഗിക്കുക
8.നോട്ട് ഇടപാട് കഴിയുമ്പോൾ കൈകളിൽ സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കണം
9. കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസ് ചെയ്യണം
10. പരിചയമില്ലാത്തവരെ വാഹനങ്ങളിൽ കയറ്റരുത്
11. തുണി മാസ്കുകൾ കഴുകി വെയിലത്ത് ഉണക്കണം