രേഖകളില്ലാത്ത ഒരു കോടി രൂപയുമായി മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം: രേഖകളില്ലാത്ത ഒരു കോടിയിലധികം രൂപയുമായെത്തിയ മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. പ്രമോദ് ജഗന്നാഥ് പാട്ടീൽ(27), ജിതേഷ് വൈനിഗം(21) എന്നിവരെയാണ് നെയ്യാറ്റിൻകരയിൽ നിന്ന് വ്യാഴാഴ്ച രാവിലെ പത്തോടെ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. 1,07,20,000 രൂപയും ഇവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായി കാറും പിടിച്ചെടുത്തു. 2000,500ന്റെ നോട്ടുകൾ രണ്ടു പ്ലാസ്റ്റിക്ക് സഞ്ചികളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഏറെ നാളുകളായി ആലപ്പുഴ മാവേലിക്കരയിൽ താമസിക്കുന്ന ഇരുവരും മലയാളവും നന്നായി സംസാരിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിനടുത്തുള്ള ജൂവലറിക്കടുത്ത് നിന്നുമാണ് ഇവർ പിടിയിലായത്. ജി.എസ്.ടി. വകുപ്പിന്റെ പതിവ് വാഹന പരിശോധയ്ക്കിടെയായിരുന്നു അറസ്റ്റ്.പണം സ്വർണം വാങ്ങാനായി കൊണ്ടുവന്നതാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ പണത്തിന് രേഖകളുണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണമടക്കം പ്രതികളെ ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറുമെന്ന് ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് വിഭാഗം ദക്ഷിണമേഖല ജോയിന്റ് കമ്മിഷണർ സാബു പറഞ്ഞു. സംസ്ഥാന നികുതി വിഭാഗം ഉദ്യോഗസ്ഥരായ എസ്.ഷിജു, കെ.ബിജു,ബിനു, എ.എസ്.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.തൃശൂരിൽ നിന്നു വാങ്ങിയ സ്വർണം വിറ്റശേഷം മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു അറസ്‌റ്റെന്നും വിവരമുണ്ട്. വെള്ളിയാഴ്ച ഇരുവരെയും ഇൻകംടാക്സ് വിഭാഗത്തിന് കൈമാറും.