തിരു. വിമാനത്താവളം അദാനിക്ക് നൽകരുത്: സി.പി.എം

Friday 21 August 2020 2:01 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിമാനത്താവള വികസനത്തിനായി പ്രത്യേക കമ്പനി സംസ്ഥാനം രൂപീകരിച്ചതാണ്. കൊച്ചി, കണ്ണൂർ മോഡലിൽ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്കരിക്കാൻ സംസ്ഥാനത്തെ അനുവദിക്കണം.

ഒരു രൂപ പോലും മുടക്കാതെ 30,000 കോടി ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം അദാനിക്ക് വിൽക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഒരു കാരണവശാലും വിമാനത്താവളം അദാനിക്ക് നൽകാൻ കേരള ജനത അനുവദിക്കില്ല. സംസ്ഥാന പൊതുതാത്പര്യത്തിന് വിരുദ്ധമായി അദാനിയേയും കേന്ദ്രസർക്കാരിനേയും അനുകൂലിച്ച തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. കൊവിഡ് രാജ്യത്തെമ്പാടും പടർന്നു പിടിക്കുമ്പോൾ സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്ത് കോർപറേറ്റ് കമ്പനിക്ക് വിൽക്കാനുള്ള തീരുമാനം അഴിമതിയാണെന്നും സി.പി.എം ആരോപിച്ചു.