ഇ.എസ്.ഐ: ശമ്പള പരിധി വർദ്ധിപ്പിക്കണം

Saturday 29 August 2020 12:00 AM IST

ന്യൂഡൽഹി: ഇ.എസ്.ഐ ആനുകൂല്യത്തിനുളള ശമ്പള പരിധി 21,000 രൂപയിൽ നിന്ന് 50,000 രൂപയായി വർദ്ധിപ്പിക്കണമെന്നും ,ശമ്പളത്തിൻറെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകാനുളള കോടതി ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാംഗ്വാറിന് നിവേദനം നൽകി.

നിലവിലെ ശമ്പള പരിധി പ്രാബല്യത്തിൽ വന്നത് 2017 ജനുവരിയിലാണ്. സാധനങ്ങളുടെ വിലക്കയറ്റവും ജീവിതച്ചെലവും വർദ്ധിച്ചതനുസരിച്ച് ശമ്പള വർദ്ധനയുണ്ടായെങ്കിലും, തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ പുരോഗതിയുണ്ടായില്ല. ശമ്പളം വർദ്ധിച്ചതോടെ, ആയിരക്കണക്കിന് തൊഴിലാളികൾ പദ്ധതിയിൽ നിന്ന് പുറത്തായി. ചികിത്സയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമുളള ചെലവ് കൂടുന്ന സാഹചര്യത്തിൽ ഇ.എസ്.ഐ പരിരക്ഷ അനിവാര്യമാണ്. ഉയർന്ന ശമ്പളത്തിൻറെ അടിസ്ഥാനത്തിലുളള പെൻഷന് ഓപ്ഷൻ നൽകാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേയില്ലാതിരുന്നിട്ടും, പ്രൊഫിഡൻറ് ഫണ്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടപ്പാക്കാതിരിക്കുകയാണെന്ന് നിവേദനത്തിൽ പറഞ്ഞു.