പാലം തകർന്നതിൽ കേന്ദ്ര വിജിലൻസ് കമ്മിഷന് പരാതി നൽകും: ചെന്നിത്തല

Saturday 29 August 2020 12:01 AM IST

തലശ്ശേരി: തലശ്ശേരി മാഹി ബൈപാസിന്റെ ഭാഗമായി നിട്ടൂർ ബാലത്തിൽ നിർമ്മിക്കുന്ന അനുബന്ധ പാലത്തിന്റെ ഗർഡറുകൾ തകർന്ന സംഭവത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേട്ടം കൊട്ടിഘോഷിക്കുന്നവർ തകർച്ചയുടെ ഉത്തരവാദിത്വം ഏൽക്കണം. മുഖ്യമന്ത്രിയുടെ വീടിന് താഴെയാണ് സംഭവം നടന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. ഗർഡറുകൾ തട്ടിയിട്ടത് താനാണെന്ന് ഇ.പി. ജയരാജൻ പറയുമെന്നും തനിക്ക് അത്രയ്‌ക്ക് ആരോഗ്യമില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

എം.പിമാരായ കെ. മുരളീധരൻ, കെ. സുധാകരൻ, എം.കെ. രാഘവൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, കെ.എം. ഷാജി എം.എൽ.എ, അഡ്വ. സണ്ണി ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്വം: കെ. മുരളീധരൻ

നിട്ടൂരിൽ പാലം തകർന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടിയായി പറഞ്ഞ വികസന നേട്ടത്തിൽ തലശ്ശേരി-മാഹി ബൈപ്പാസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്നും അത് സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടമാണെന്നും പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോൾ മിണ്ടുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.