അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യംചെയ്തു

Saturday 29 August 2020 12:07 AM IST

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്തുവിട്ടയച്ചു. കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചത്. ബന്ധമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് അറിയുന്നു.

തിരുവനന്തപുരത്ത് അരുൺ എടുത്തുനൽകിയ ഫ്ളാറ്റിലാണ് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവർ കള്ളക്കടത്തിന് ഗൂഢാലോചന നടത്തിയത്. ഫ്ളാറ്റെടുത്തു നൽകാൻ പ്രതികളുമായുള്ള ബന്ധവും അടുപ്പവും കസ്റ്റംസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആവശ്യപ്പെട്ടതു പ്രകാരമാണ് ഫ്ളാറ്റ് എടുത്തതെന്നും സംഘവുമായി ബന്ധമില്ലെന്നും അരുൺ മൊഴിനൽകി. പ്രതികളുമായും കള്ളക്കടത്തുമായും ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് കസ്റ്റംസ് ശ്രമിച്ചത്. മൊഴി വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.