ഒരു കോൾ മതി ഓണസദ്യ വീട്ടിലെത്തും
കോഴിക്കോട്: കൊവിഡ് ഓണത്തിന്റെ പൊലിമ കെടുത്തിയെങ്കിലും സദ്യ മാറ്റിയുള്ള ആഘോഷം മലയാളിക്ക് ചിന്തിക്കാനാവില്ല.തിരുവോണ നാളിൽ തൂശനിലയിൽ വിഭവ സമൃദ്ധമായ സദ്യ ഉണ്ണുന്ന കേരളീയ പാരമ്പര്യത്തെ പ്രതിസന്ധികളുടെ നടുവിലും കാത്തു സൂക്ഷിക്കുകയാണ് ജില്ലയിലെ ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും.
32 തരം വിഭവങ്ങളും പായസവും തൂശനിലയുമെല്ലാമായി വിഭവസമൃദ്ധമായ ഓണസദ്യ വിളിച്ച് ബുക്ക് ചെയ്താൻ വീട്ടിലെത്തിക്കും.
ജില്ലയിലെ പ്രമുഖ ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും ഓണസദ്യയുടെ ബുക്കിംഗ് തുടരുകയാണ്. അത്തം തൊട്ടേ ഹോട്ടലുകളിൽ സദ്യക്കായുള്ള ഓർഡറുകൾ ലഭിച്ചു തുടങ്ങിയിരുന്നു. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇത്തവണ ഓണസദ്യ ഇല്ലാത്തതിനാൽ വീടുകളിൽ നിന്നുള്ള ഓർഡറുകളാണ് കൂടുതലും.
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് സാധാരണ ഓണ സദ്യയെങ്കിൽ ഓലൻ, കാളൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരശേരി, കിച്ചടി എന്നിങ്ങനെ 20 മുതൽ 30 വരെ വിഭവങ്ങളും മൂന്ന് കൂട്ടം പായസവും അടങ്ങുന്ന ഓണസദ്യയാണ് ഹോട്ടലുകളിൽ ഒരുങ്ങുന്നത്. ചിക്കനും ഞണ്ടും മീനും ഉൾപ്പെടെ അഞ്ച് നോൺ വെജ് വിഭവങ്ങളടങ്ങിയ സദ്യയുമുണ്ട്.
180 മുതൽ 1000 രൂപ വരെയാണ് വില. സദ്യയ്ക്കു പുറമെ പായസം മാത്രമായും ലഭിക്കും. അടപ്രഥമൻ, പരിപ്പ്, കടല, പാൽപായസം എന്നിങ്ങനെ പായസത്തിലും വലിയ നിരയുണ്ട്.32 തരം കറികളും മൂന്നിനം പായസവുമടങ്ങുന്ന സദ്യകൾക്ക് 1000വും 1200 വരെയാണ് വില.15 തരം കറികളും രണ്ടു പായസവുമടങ്ങുന്ന സദ്യകൾക്ക് 299 മുതൽ 475 രൂപവരെയുണ്ട്.