ആർ.ജി.സി.ബി ഡയറക്ടർ രാധാകൃഷ്ണപിള്ള പടിയിറങ്ങുന്നു
തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടത്തെ സേവനത്തിന് ശേഷം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ (ആർ.ജി.സി.ബി) ഡയറക്ടർ പ്രൊഫ. എം. രാധാകൃഷ്ണ പിള്ള 31ന് വിരമിക്കും. രാജ്യത്തെ ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രായം കുറഞ്ഞ ഡയറക്ടറെന്ന ഖ്യാതിയോടെ 2005ലാണ് അദ്ദേഹം ചുമതലയേറ്റത്. ആർ.സി.സിയിലെ മോളിക്കുലാർ മെഡിസിൻ പ്രൊഫസർ പദവിയിൽ നിന്നാണ് ആർ.ജി.സി.ബിയിലെത്തിയത്.
ആർ.ജി.സി.ബിയെ കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നതിൽ പിള്ളയും മുഖ്യപങ്ക് വഹിച്ചിരുന്നു. കൊവിഡ് പോരാട്ടത്തിലെ ആർ.ജി.സി.ബിയുടെ ഇടപെടലും പിള്ളയുടെ നേതൃത്വത്തിലായിരുന്നു.
കാൻസർ ചികിത്സയിൽ വിപ്ലവം
പ്രൊഫ. പിള്ളയുടെ ഗവേഷണത്തിന്റെ ഫലമായാണ് ഗർഭാശയ കാൻസർ ചികിത്സയിലെ വിപ്ലവകരമായ മാറ്റമുണ്ടായത്. മൂന്നു ഡോസ് മരുന്നിനു പകരം രണ്ടു ഡോസ് നൽകി രോഗം നിയന്ത്രിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. എച്ച്.പി.വിക്കുള്ള മരുന്നിന്റെ ചെലവ് കുറച്ചു. ഇത് ലോകാരോഗ്യ സംഘടനയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും അംഗീകരിച്ചു. നിരവധി രാജ്യങ്ങളാണ് ഈ മാതൃക പിന്തുടരുന്നത്.
ഡി.എൻ.എ ഫിംഗർപ്രിന്റിംഗിനും വന്യജീവി ഫോറൻസിക്‌സിനുമായുള്ള മോളിക്യൂലാർ ഫോറൻസിക് സംവിധാനവും യാഥാർത്ഥ്യമാക്കി. ശാസ്ത്ര കണ്ടു പിടിത്തങ്ങളുടെയും അവയുടെ വിശകലനത്തിനുമായി 100 കോടിക്ക് ബയോഇനോവേഷൻ സെന്ററും സ്ഥാപിച്ചു. ആർ.ജി.സി.ബിയുടെ കൊച്ചിയിലെ ബയോനെസ്റ്റ് എന്ന ഇൻകുബേഷൻ സംവിധാനത്തിൽ 23 സ്റ്റാർട്ടപ്പ് സംരംഭങ്ങങ്ങളും നിലവിലുണ്ട്.