ഗുരുജയന്തിയിൽ ദൈവദശക നൃത്ത രൂപവുമായി ആര്യ

Wednesday 02 September 2020 12:27 AM IST
ആര്യഅനൂപ്

അവതരണം പിതാവിന്റെ സ്മരണയ്ക്ക് മുന്നിൽ

മലപ്പുറം: ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന് നൃത്താവിഷ്‌കാരം ഒരുക്കുകയാണ് മൊറയൂർ പടിപ്പുര കൃഷ്ണയിൽ ആര്യഅനൂപ്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിൽ മൂന്നാംവർഷ ചരിത്ര ബിരുദ വിദ്യാർത്ഥിയാണ് ആര്യ. ഇന്ന് കോളേജിന്റെ യൂട്യൂബ് ചാനലിലൂടെ നൃത്താവിഷ്കാരം അവതരിപ്പിക്കും. ഗുരുദേവന്റെ അദ്വൈതദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്ത് ശ്ലോകങ്ങൾ ഉൾപ്പെടുത്തിയുള്ള ദൈവദശകം സമൂഹപ്രാർത്ഥനയ്ക്കായി കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൃതിയാണ്. കേരള നവോത്ഥാനത്തിന്റെ ശിൽപ്പിയും കേരള ചരിത്രത്തിലെ യുഗപുരുഷനുമായ ശ്രീനാരായണ ഗുരുവിന് ഒരു ചരിത്ര, നൃത്ത വിദ്യാർത്ഥിനി എന്ന നിലകളിലുള്ള തന്റെ ആദരമായാണ് ദൈവദശകം നൃത്തരൂപം സമർപ്പിക്കുന്നതെന്ന് ആര്യ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗുരുവിന്റെ പ്രാർത്ഥനാ ഗീതത്തെ നൃത്തത്തിലൂടെ അവതരിപ്പിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ചിന്തകളേയും ദർശനങ്ങളേയും പുതുതലമുറയ്ക്ക് പകരുന്നതിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യം കൂടി ആര്യക്കുണ്ട്.

കൊവിഡിനെ തുടർന്ന് കോളേജിലേക്ക് പോവാൻ കഴിയാതെ വന്നതോടെ ആര്യ വീട്ടിലിരുന്ന് ദൈവദശകത്തെ ആഴത്തിൽ പഠിക്കുകയും അദ്ധ്യാപകരുടെ സഹായത്തോടെ നൃത്തം ചിട്ടപ്പെടുത്തുകയുമായിരുന്നു. മൊറയൂർ ഹയർസെക്കന്ററി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും ചരിത്ര അദ്ധ്യാപകനായിരുന്ന ആര്യയുടെ പിതാവ് അനൂപ് ബി നമ്പ്യാർ നാലുമാസം മുമ്പ് മെനിഞ്ചൈറ്റിസ് ബാധിച്ച് മരണപ്പെട്ടിരുന്നു. ചരിത്ര പഠനത്തെ ഏറെ സ്‌നേഹിച്ചിരുന്ന പിതാവിന്റെ പാത പിൻതുടർന്നാണ് ആര്യ ഐഛിക വിഷയമായി ചരിത്രം തിരഞ്ഞെടുത്തത്. അകാലത്തിൽ പൊലിഞ്ഞ പിതാവിന്റെ ഓർമ്മകൾക്ക് മുന്നിലുള്ള സമർപ്പണം കൂടിയാണ് ആര്യയ്ക്ക് ദൈവദശകത്തിന്റെ നൃത്താവിഷ്‌കാരം. കോളേജിലെ ആര്യയുടെ അദ്ധ്യാപകനായ എം.സി.വസിഷ്ഠ് ആണ് ഗുരുദേവന് ആദരമായി ദൈവദശകം നൃത്തരൂപത്തിലാക്കുക എന്ന ആശയം ആര്യക്ക് നൽകിയത്. അരിമ്പ്ര ജി.എം.യു.പി സ്‌കൂളിലെ അദ്ധ്യാപികയായ സ്വപ്ന അനൂപാണ് മാതാവ്. സി.എ.വിദ്യാർത്ഥിയായ ആകാശ് അനൂപ് സഹോദരനാണ്. കേരള നടനത്തിന്റെ സൃഷ്ടാവായ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ യുവ പ്രതിഭാ പുരസ്‌ക ജേതാവ് കൂടിയാണ് ആര്യ.