ആറൻമുളയിലെത്തിയത് ആചാരത്തോണി
ആറന്മുള : തിരുവോത്തോണി യാത്ര ആചാരങ്ങൾ മുറതെറ്റാതെ നടത്താനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് പള്ളിയോട സേവാസംഘവും ഭക്തജനങ്ങളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തർ സമൂഹമാദ്ധ്യമങ്ങളിലൂടെയുൾപ്പെടെയുള്ള തത്സമയ സംപ്രേക്ഷണം കണ്ട് തോണിയുടെ വരവേൽപ്പിൽ വർച്യുലായി പങ്കാളികളായി. മങ്ങാട്ടില്ലത്ത് രവീന്ദ്രബാബു ഭട്ടതിരിക്ക് ഇത്തവണ തിരുവോത്തോണിയുടെ നായകസ്ഥാനത്ത് കന്നിയാത്രയായിരുന്നു. പുലർച്ചെ 5.50 ന് ക്ഷേത്രത്തക്കടവിലെത്തിയ തോണിയിൽ നിന്ന് ഭട്ടതിരിയും അവകാശികളായ 18 കുടുംബങ്ങളുടെ പ്രതിനിധികളും ഓണ വിഭവങ്ങളുമായി പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഉത്രാട നാളിൽ കാട്ടൂരിൽ നിന്ന് പുറപ്പെട്ട തിരുവോത്തോണിക്ക് പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞത് ഏറെ വെല്ലുവിളിയുയർത്തി. സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ യമഹ വള്ളങ്ങളും തോണിയും പലയിടത്തും നദിയുടെ അടിത്തട്ടിൽ തട്ടുന്ന സ്ഥിതിയിലായിരുന്നു. കാട്ടൂർ ക്ഷേത്രക്കടവിൽ തോണി അടുപ്പിക്കാൻ കഴിയാത്ത തരത്തിൽ മണൽ നിറഞ്ഞിരിക്കുകയാണ്. അകമ്പടി സേവിക്കാനായി നിയോഗിക്കപ്പെട്ട ളാക ഇടയാറന്മുള പള്ളിയോടത്തിന് ജലനിരപ്പ് കുറഞ്ഞതിനാൽ പമ്പാനദിയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ക്ഷേത്രക്കടവിലെത്തിയ തോണിയിൽ നിന്ന് കരയിലേക്ക് പ്രവേശിക്കാൻ താല്കാലികമായി നടപ്പാലം ഒരുക്കിയിരുന്നു. ക്ഷേത്രക്കടവിൽ തോണിക്ക് അടുക്കാൻ കഴിയാത്ത തരത്തിൽ ചെളി അടിഞ്ഞ് കൂടിയിരിക്കുകയാണ്.
പള്ളിയോടങ്ങളുടെ അകമ്പടിയിൽ പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ തിരുവോത്തോണിക്ക് ആചാരപരമായി വെറ്റ,പുകയില എന്നിവ നൽകി സ്വീകരിക്കുന്നതിന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ കൃഷ്‌ണവേണി,വൈസ് പ്രസിഡന്റ് സുരേഷ് ജി വെൺപാല, സെക്രട്ടറി പി ആർ രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി ബി ഹരിദാസ്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാർ, കെ പി സോമൻ എന്നിവർ നേതൃത്വം നൽകി. ദേവസ്വം അസി കമ്മീഷണർ എസ് അജിത് കുമാർ, സബ്ഗ്രൂപ്പ് ഓഫീസർ ജി അരുൺ കുമാർ എന്നിവർ തോണിയാത്രയെ അനുഗമിച്ചു. മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ കാട്ടൂരിൽ നിന്ന് പകർന്ന ദീപം തിരുവോത്തോണിയിൽ ജലമാർഗ്ഗം ആറന്മുളയിലെത്തിച്ച് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കെടാവിളക്കിലേക്ക് പകർന്നു. അടുത്ത ഒരു വർഷം പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കെടാവിളക്കിൽ തെളിയുന്നത് ഇൗ ദീപമാണ്.