ഇരുനാടുകൾ ഒരുമിക്കണം ഇവിടൊരു പാലം വന്നേ തീരൂ

Wednesday 02 September 2020 12:07 AM IST
തളീക്കര-കള്ളാട് പാലം നിർമ്മിക്കാൻ ആവശ്യപ്പെടുന്ന മലോൽ താഴ പുഴയിലെ ഭാഗം

കുറ്റ്യാടി: പുഴ വേർപെടുത്തിയ നാടുകളെ ഒരുമിപ്പിക്കാൻ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. മരുതോങ്കര, കായക്കൊടി പ്രദേശത്താണ് പാലത്തിന് വേണ്ടി ജനം ഒരുമിക്കുന്നത്. മരുതോങ്കര പഞ്ചായത്തിലെ കള്ളാട് നിന്നും മലോൽ താഴ പുഴ കടന്നാൽ കായക്കൊടി പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ തളീക്കരയിൽ എത്താം. കാലങ്ങളായി പുഴയ്ക്ക് അക്കരെയുള്ളവർ ആവശ്യങ്ങൾക്കെല്ലാം തളീക്കരയെ ആണ് ആശ്രയിക്കുന്നത്.

പലരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തൊട്ടടുത്ത പ്രദേശങ്ങളിൽ ഉണ്ടായിട്ടും വേഗത്തിൽ ഇവിടെ എത്താനാകുന്നില്ല. മുൻപ് പുഴയിൽ കടത്ത് വള്ളങ്ങൾ ഉയോഗിച്ചിരുന്നു. ഇപ്പോഴതില്ല. പുഴ കരയിടിയുകയും ചില ഭാഗത്ത് അടിയൊഴുക്കും കൂടിയിട്ടുമുണ്ട്. മഴക്കാലത്ത് ശക്തമായ മലവെള്ളപാച്ചിലാണ്. അത്യാവശ്യ യാത്രകൾക്ക് അകലെയുള്ള അക്വഡൈറ്റാണ് ആശ്രയം. കള്ളാട്, തളീക്കര പാലം യാഥാർത്ഥ്യമായാൽ തൊട്ടിൽ പാലം, കായക്കൊടി ഭാഗത്ത് നിന്നും മരുതോങ്കര, മുള്ളൻകുന്ന്, പശുക്കടവ് ഭാഗത്തേക്കും യാത്ര ചെയ്യാൻ എളുപ്പമാകും.