സാലറി കട്ട് : ആരോഗ്യ പ്രവർത്തകർക്ക് ഇളവില്ല

Tuesday 01 September 2020 11:50 PM IST

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാരുടെ ആറ് ദിവസത്തെ വീതം ശമ്പളം കുറച്ചതല്ലെന്നും ,പിന്നീട് നൽകാനായി മാറ്റിവച്ചതാണെന്നും സർക്കാർ . ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നും വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.

കേരള ഗവ.മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. പരാതിക്കാർക്ക് പറയാനുള്ളത് കേട്ട് സർക്കാർ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ജൂലായ് 9ന് നി‌‌ർദ്ദേശിച്ചിരുന്നു. തുടർന്ന്,പരാതിക്കാർക്ക് പറയാനുള്ളത് കൂടി കേട്ടാണ് ഉത്തരവിറക്കിയത്. ശമ്പളം പൂർണമായി നൽകണമെന്ന സുപ്രീംകോടതി വിധിയും കേന്ദ്രസർക്കാരിന്റെ ജൂൺ 18 ന്റെ ഉത്തരവും പരാതിക്കാർ ചൂണ്ടിക്കാണിച്ചെങ്കിലും, ശമ്പളം കൃത്യസമയത്ത് നൽകുന്നുണ്ടെന്നും, കുറയ്ക്കുകയല്ല അഞ്ചിലൊന്ന് മാറ്റിവയ്ക്കുകയാണെന്നുമായിരുന്നു സർക്കാരിന്റെ മറുപടി .