ഇരട്ടക്കൊലപാതകത്തിൽ വിറങ്ങലിച്ച് നാട്

Wednesday 02 September 2020 1:40 AM IST

വെഞ്ഞാറമൂട് : രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ടെന്ന നടുക്കുന്ന വാർത്ത കേട്ടാണ് ഉത്രാട പാച്ചിലിന്റെ ആലസ്യത്തിൽ നിന്ന് തിരുവോണപ്പുലരിയിലേക്ക് സംസ്ഥാനമുണർന്നത്. വെഞ്ഞാറമൂട് മേഖലയിലെ സാമൂഹിക,സാംസ്കാകാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന ഹഖ് മുഹമ്മദും മിഥിലാജും രാഷ്ട്രീയ പകപോക്കലിന് ഇരയായത് നാടിനെയാകെ ഞെട്ടിച്ചു. ഉത്രാട തിരക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഹഖ് മുഹമ്മദ് വെഞ്ഞാറമൂട് മത്സ്യ മാർക്കറ്റിൽ തൊഴിലാളിയായ അബ്ദുൽ സമദിന്റെയും ഷാജിദയുടെയും മകനാണ്. ഹഖിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഗർഭിണിയായ ഭാര്യ നാജിലയുടെയും, ഒരുവയസുള്ള കുഞ്ഞിന്റെയും കരച്ചിൽ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി.

മിഥിലാജിന്റെ മാതാപിതാക്കളായ അബ്ദുൽ ബഷീറും ലൈലാ ബീവിയും ഇപ്പോൾ ഓമാനിലുള്ള മകൾ താജുനിസയ്ക്കും കുടുംബത്തിനുമൊപ്പമാണ്. നേരത്തെ നാട്ടിലേക്ക് എത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവീസ് നിറുത്തലാക്കിയതോടെ ഇരുവരുടേയും മടക്കയാത്ര നീണ്ടു. മിഥിലാജ് ബൈക്കപകടത്തിൽ മരിച്ചെന്നാണ് മാതാപിതാക്കളെ അറിയിച്ചിരിക്കുന്നത്. മരണമടഞ്ഞ മിഥിലാജ് നാലുവർഷത്തോളം ഒമാനിലായിരുന്നു. സഹോദരി ഭർത്താവ് നിസാമുദ്ദീന്റെ സ്‌പെയർ പാർട്ട്സ് കടയിലും ഭക്ഷണശാലയിലുമാണ് ജോലി ചെയ്തിരുന്നത്. പ്രിയപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രയപ്പാണ് നാട് നൽകിയത്. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂത്തിയാക്കി. വിവിധയിടങ്ങളിൽ പൊതു ദർശനത്തിവച്ച മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് കബറടക്കിയത്. മിഥിലാജിന്റെ മൃതദേഹം വെമ്പായം ജുമാ മസ്ജിദിലും, ഹക്ക് മുഹമ്മദിന്റെ മൃതദേഹം പേരുമല ജുമാ മസ്ജിദിലുമാണ് അടക്കിയത്. മന്ത്രിമാരായ ഇ.പി .ജയരാജൻ, എ.കെ.ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ മാരായ ഡി.കെ മുരളി, ബി.സത്യൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.