പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ജില്ലയിൽ നിന്ന് 5 കോടിയിലേറെ നഷ്ടമായതായി സൂചന

Wednesday 02 September 2020 1:30 AM IST

കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ ജില്ലയിൽ നിന്ന് അഞ്ചുകോടിയിലേറെ രൂപ നിക്ഷേപകർക്ക് നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇതുസംബന്ധിച്ച പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പരാതികളെല്ലാം കൊല്ലത്തെ ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് എ.സി.പി അഭിലാഷിനാണ് ജില്ലയിലെ അന്വേഷണ ചുമതല. കൊട്ടിയം, കിളികൊല്ലൂർ കേന്ദ്രീകരിച്ച് പത്ത് ലക്ഷത്തിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദ്യം പരാതി ഉയർന്നത്. പിന്നീട് പല ഭാഗത്തുനിന്നും പരാതിപ്രളയമായി. അവിട്ടം നാളായ ചൊവ്വാഴ്ച 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയും ലഭിച്ചു. ഈ നിക്ഷേപം ഒരാളുടേതാണെങ്കിലും 25 പേരുടെ പേരിലാണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചത്. പരാതികൾ കൂടുംതോറും തുകയും വർദ്ധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.  ഉന്നതർക്കും നിക്ഷേപം

ഉന്നതരായ പലർക്കും പോപ്പുലർ ഫിനാൻസിൽ നിക്ഷേപമുണ്ടെന്ന് കരുതുന്നു. നാണക്കേടും പണത്തിന്റെ ഉറവിടവും വെളിപ്പെടുത്താനാവാത്തതിനാൽ പലരും പരാതി കൊടുക്കാതെ പിന്മാറുന്നുമുണ്ട്. പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ ലേലം ചെയ്ത് നിക്ഷേപകർക്ക് പണം നൽകാൻ കോടതി ഉത്തരവായാൽ പരാതി കൊടുക്കാത്തവർക്ക് കിട്ടാനിടയില്ല.

കൊല്ലം സ്വദേശികളും വിദേശത്ത് ജോലി ചെയ്യുന്നവരുമായ നിരവധി പേർ തട്ടിപ്പിനിരയായെന്നാണ് സൂചന. പോപ്പുലർ ഫിനാൻസിൽ സ്വർണം പണയം വച്ച ഇനത്തിലും ഏറെപ്പേർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകളുടെ പ്രാഥമിക കണക്കുകൾ പോലും ലഭ്യമായിട്ടില്ല. അഞ്ച് ദിവസത്തിനുള്ളിൽ പരമാവധിപ്പേരുടെ മൊഴി രേഖപ്പെടുത്തി കേസ് പത്തനംതിട്ടയിലേയ്ക്ക് വിടാനാണ് പൊലീസിന്റെ തീരുമാനം.

 കേസ് പത്തനംതിട്ട പൊലീസിന് കൈമാറും

കൊല്ലം സിറ്റി പരിധിയിലുള്ള പരാതികൾ മാത്രമേ കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയുള്ളൂ. കൊല്ലം റൂറലിലെ പരാതികൾ കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചേക്കും. കൊല്ലം റൂറലിലും സിറ്റിയിലുമായി കിട്ടുന്ന പരാതികളെല്ലാം മൊഴികൾ രേഖപ്പടുത്തിയ ശേഷം പത്തനംതിട്ട പൊലീസിന് കൈമാറും. പോപ്പുലർ ഫിനാൻസിന്റെ സംസ്ഥാനത്തെ മുഴുവൻ തട്ടിപ്പും അന്വേഷിക്കുന്നത് പത്തനംതിട്ട പൊലീസാണ്.