ഇരട്ടക്കൊല കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്ന് ചെന്നിത്തല

Wednesday 02 September 2020 1:10 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സി.പി.എം ശ്രമം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തിൽ തിരുവനന്തപുരം റൂറൽ എസ്.പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണ്. രാഷ്ട്രീയ കൊലപാതകമാണെന്ന് പറയാനാവില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പിയും മേൽനോട്ടം വഹിക്കുന്ന ഡി.ഐ.ജിയും വ്യക്തമാക്കിയത്. കൊലയ്ക്ക് വേണ്ടി ക്രിമിനലുകളെ പോറ്റിവളർത്തുകയും ജയിലിലാകുമ്പോൾ അവർക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. പ്രതികളെ കോടികൾ മുടക്കി സംരക്ഷിക്കുന്ന നിലപാടും കോൺഗ്രസിനില്ല. സത്യസന്ധവും നീതിപൂർവകവുമായ അന്വേഷണം നടക്കണം. കുറ്റവാളികൾ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഇതിന്റെ മറവിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിക്കപ്പെട്ടു. പ്രവർത്തകരെ ആക്രമിക്കുന്നു. തിരുവനന്തപുരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായരുടെ വീട്ടിന് നേരെയും ആക്രമണമുണ്ടായി. പി.എസ്.സി ജോലി കിട്ടാതെ മനം നൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. അക്രമത്തിൽ നിന്ന് പിന്തിരിയാൻ മുഖ്യമന്ത്രി അണികളെ ഉപദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.