കൃഷിയിൽ നൂറുമേനി കൊയ്ത് സാബു കാരാക്കോട്

Thursday 03 September 2020 12:08 AM IST
വിളവെടുത്ത പച്ചക്കറികളുമായി സാബു കാരാക്കോട് തന്റെ കൃഷിയിടത്തിൽ

കാഞ്ഞങ്ങാട്: മടിക്കൈ, കോടോം-ബേളൂർ പഞ്ചായത്തുകളിലായി ഒമ്പതര ഏക്കർ ഭൂമിയിൽ ജൈവ കൃഷിയിറക്കി വിജയം കൊയ്യുകയാണ് സാബു കാരാക്കോട് എന്ന യുവകർഷകൻ. മടിക്കൈയിൽ തന്റെ പുരയിടം നിൽക്കുന്ന രണ്ടേക്കറിൽ കയർ കൊണ്ടും വയർ കൊണ്ടും നെടുകെയും കുറുകെയും വരിഞ്ഞുകെട്ടി അതിലേക്ക് പാവക്കയുടെയും പടവലങ്ങയുടെയും തൈകൾ പടർത്തി മികച്ച വിളവാണ് സാബു കൊയ്തെടുത്തത്.

ഇതിലൂടെ തണൽ മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ലഭിക്കുന്നു. തൊടിയിൽ മാത്രമല്ല മട്ടുപ്പാവിലേക്കും സാബു തന്റെ കൃഷിയിടം വ്യാപിപ്പിച്ചിട്ടുണ്ട്. ടെറസ്സിൽ വെണ്ടയ്ക്ക കൃഷിയിലും നല്ല വിളവ് ലഭിച്ചിട്ടുണ്ട്. കൂടാതെ വീട്ടുവളപ്പിലെ റബ്ബർ മരങ്ങളുടെ ചുവട്ടിൽ കുരുമുളക് തൈകൾ വച്ചു പിടിപ്പിച്ചു. കോടോം ബേളൂർ പനങ്ങാട് യു.പി. സ്‌കൂളിലെ രണ്ടര ഏക്കറിലും തൊട്ടുതാഴെയായി കുട്ടൻകുഴി മാധവിഅമ്മയുടെ അഞ്ച് ഏക്കർ സ്ഥലത്തും സാബു കൃഷിയിറക്കിയിട്ടുണ്ട്. പടവലം, പാവയ്ക്ക, മത്തൻ, വെണ്ട, പയർ കുമ്പളം, പച്ചമുളക്, ചോളം, വഴുതന, മരച്ചീനി ഒപ്പം നെൽകൃഷിയും ഉൾപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് വൻ ഡിമാൻഡാണ് സാബുവിന്റെ പച്ചക്കറികൾക്ക് മാർക്കറ്റിൽ ലഭിക്കുന്നത്.

സമീപത്തെ മൂന്ന് പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ ഓണച്ചന്തകളിലും സാബു പച്ചക്കറികൾ എത്തിച്ചു നൽകുന്നുണ്ട്. കുണ്ടകശേരി ജോസഫ് എന്ന അപ്പച്ചന്റെയും റോസമ്മയുടെയും മകനാണ് 44കാരനായ സാബു . പിതാവിന്റെ പാത പിന്തുടർന്നാണ് സാബു കൃഷിയിലേക്ക് എത്തിയത്. വീട്ടമ്മയായ അമ്പിളിയാണ് സാബുവിന്റെ ഭാര്യ. എൽ.കെ.ജി വിദ്യാർഥിനിയായ എയ്ഞ്ചൽ റോസ് ഏകമകളാണ്.