ഇന്നലെ 17 പേർക്ക് കൊവിഡ് , 5 മരണം

Wednesday 02 September 2020 10:16 PM IST

പത്തനംതിട്ട: കൊവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ നാല് പേർ മരിച്ചു. ഏറത്ത്, ചൂരക്കോട് സ്വദേശി രവീന്ദ്രൻ (70) , പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി കെ.ജെ. ജോസഫ് (80), ഏനാത്ത് സ്വദേശിനി മറിയാമ്മ ഡാനിയേൽ (72) , കുറ്റൂർ സ്വദേശിനി എൻ.എം. സരസു (65), തെങ്ങേലി പ്രിയ നിവാസിൽ അപ്പുക്കുട്ടൻ (52) എന്നിവരാണ് മരിച്ചത്. ജില്ലയിൽ ഇതുവരെ 24 പേർ മരിച്ചു.

ഇന്നലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതും 16 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇന്നലെ 37 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2625 .

എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിൽ (വള്ളിക്കാലായിൽ നിന്നും കുരിശ് കവലയിലേക്കുള്ള റോഡും പരിസരവും വള്ളിക്കാലായിൽ നിന്നും തെള്ളിയൂർ കവലയിലേക്കുള്ള മുട്ടത്തുമനാൽ റോഡും പരിസരവും) രണ്ടു മുതൽ ഏഴു ദിവസത്തേക്ക് കണ്ടൈൻമെന്റ് സോൺ നിയന്ത്രണം. പന്തളം നഗരസഭയിലെ വാർഡ് ഏഴ്, എട്ട്, ഒൻപത്, 10 ൽ മൂന്നു മുതൽ ഏഴ് ദിവസത്തേക്ക് കൂടി കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.

പന്തളം നഗരസഭയിലെ വാർഡ് ഏഴ്, എട്ട്, ഒൻപത്, 10 ഒഴികെയുള്ള മറ്റെല്ലാ വാർഡുകളും, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങൾ മൂന്നു മുതൽ കണ്ടൈൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.