വെഞ്ഞാറമൂട് കൊലപാതകം: സി.പി.എം കരിദിനമാചരിച്ചു
Thursday 03 September 2020 12:00 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത കരിദിനാചരണത്തിലും ബ്രാഞ്ചുതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയിലും ലക്ഷങ്ങൾ അണിനിരന്നു.
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ട പ്രവർത്തകരുടെ ചിത്രങ്ങളുമായി കറുത്ത ബാഡ്ജ് ധരിച്ച് വൈകിട്ട് നാല് മുതൽ ആറുവരെയായിരുന്നു ധർണ. ബ്രാഞ്ചിൽ ഒരു കേന്ദ്രത്തിൽ അഞ്ച് പേരിൽ കൂടരുതെന്ന നിർദ്ദേശം പാലിച്ച് ഓരോ ബ്രാഞ്ചിലും നിരവധി കേന്ദ്രങ്ങളിൽ പ്രവർത്തകർ അണിനിരന്നു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലും കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം പാളയത്തും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തേമ്പമൂട് ജംഗ്ഷനിലും പ്രതിഷേധത്തിൽ പങ്കെടുത്തു.