വീടുകൾ വൃന്ദാവനമാകും

Thursday 03 September 2020 12:00 AM IST

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സെപ്തംബർ 10 ന് വീടുകൾ കേന്ദ്രീകരിച്ച് നടക്കുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാറും ജനറൽ സെക്രട്ടറി കെ.എൻ സജികുമാറും അറിയിച്ചു. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ് ഈവർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. കേരളത്തിലുടനീളം ഇന്നലെ മുതൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം തുടങ്ങി.

കുട്ടികൾക്കായി താലൂക്ക് തലത്തിൽ കൃഷ്ണ ലീലാ കലോത്സവം ഓൺലൈൻ ആയി നടക്കും. 6ന് ലക്ഷക്കണക്കിന് വീടുകളിൽ കാവി പതാക ഉയർത്തും.നിറക്കൂട്ടുകൾ ഒരുക്കൽ,കൃഷ്ണപ്പൂക്കളം,കണ്ണനൂട്ട്, ഭജനസന്ധ്യ, ദീപക്കാഴ്ച തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും.
മലയാള കവിതയിലെ കൃഷ്ണസങ്കല്പം,ഭഗവത് ഗീതയിലെ പരിസ്ഥിതി പരിപ്രേക്ഷ്യം, ശ്രദ്ധയും ശുദ്ധിയും ഭഗവത് ഗീതയിൽ എന്നീ വിഷയങ്ങളിൽ സാംസ്‌കാരിക, സാഹിത്യ ,ആദ്ധ്യാത്മികരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന വെബിനാറുകൾ നടക്കും. വീടുകൾ കേന്ദ്രീകരിച്ച് ഗോപൂജ, ഗോപാലകരെ ആദരിക്കൽ, ഭഗവത് ഗീതാ വന്ദനം, തുളസീ വന്ദനം, വൃക്ഷപൂജ എന്നിവയും സംഘടിപ്പിക്കും.