ഏറെ കൊതിച്ച തൊപ്പി കാണാൻ അവരില്ല :വിതുമ്പലോടെ തച്ചങ്കരി
തിരുവനന്തപുരം: 'നീ എന്നാടാ ഡി.ജി.പിയാവുന്നത്?' മരിക്കുന്നതിന് കുറച്ചു നാൾ മുമ്പും ടോമിൻ ജെ. തച്ചങ്കരിയോട് അമ്മ തങ്കമ്മ ചോദിക്കുമായിരുന്നു. 'മമ്മിയുടെ മകൻ കൃത്യസമയത്തു തന്നെ ഡി.ജി.പിയാവും' എന്നായിരുന്ന അതിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നൽകിയ മറുപടി .ഒടുവിൽ, ആഗ്രഹിച്ച തൊപ്പി തേടിയെത്തിയപ്പോൾ അത് കണ്ട് ഏറെ സന്തോഷിക്കാൻ അമ്മയും ഭാര്യയും ഇല്ലാതെ പോയതിന്റെ വേദനയിലാണ് തച്ചങ്കരി.
തച്ചങ്കരിയുടെ ഭാര്യ അനിത 2019 ആഗസ്റ്റ് അഞ്ചിനും, അമ്മ തങ്കമ്മ കഴിഞ്ഞ ഏപ്രിൽ രണ്ടിനുമാണ് വിട പറഞ്ഞത്. കാൻസറായിരുന്നു അനിതയുടെ ജീവൻ അപഹരിച്ചത്. അനിത മരിച്ച വിവരം രോഗശയ്യയിലായിരുന്ന തങ്കമ്മയെ അറിയിച്ചിരുന്നില്ല. എറണാകുളം സെന്റ് ജോൺസ് നെപുംസ്യാൻ പള്ളി സെമിത്തേരിയിൽ രണ്ടു പേരുടെയും അന്ത്യവിശ്രമം അടുത്തടുത്താണ്. ഡി.ജി.പിയായ സ്ഥാനക്കയറ്റം കിട്ടിയ ഉത്തരവുമായി ടോമിൻ തച്ചങ്കരി ആദ്യമെത്തിയതും അതേ പള്ളി സെമിത്തേരിയിൽ. കല്ലറകൾക്കു മുന്നിൽ ആ ഉത്തരവ് വച്ചു. മമ്മിയുടേയും പ്രിയതമയുടേയും ഓർമ്മകളിൽ വിതുമ്പി.
നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരി കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പൊലീസ് മേധാവി ആയിരുന്നു.കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എഡി.ജി.പി, കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറും, ട്രാൻസ്‌പോർട്ട് കമ്മിഷണർ, ഫയർ ഫോഴ്സ് മേധാവി തുടങ്ങിയ നിലകളിൽ സേവമനനുഷ്ഠിച്ചിട്ടുണ്ട്.
അടുത്ത പൊലീസ് മേധാവി?
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അടുത്ത വർഷം ജൂണിൽ വിരമിക്കുന്നതോടെ,പിന്തുടർച്ചക്കാരനായി തച്ചങ്കരി എത്താനുള്ള സാദ്ധ്യതയേറെ. ഫയർഫോഴ്സ് മേധാവിയായ ഡി.ജി.പി ആർ .ശ്രീലേഖ ഈ വർഷം ഡിസംബറിലും ജയിൽ ഡി.ജി.പി ഋഷിരാജ്സിംഗ് അടുത്ത വർഷം ജൂലായിലും വിരമിക്കും വിരമിക്കാൻ കുറഞ്ഞത് ആറു മാസത്തെ കാലാവധിയുണ്ടങ്കിലേ പൊലീസ് മേധാവിയാകാൻ കഴിയൂ.
തച്ചങ്കരിയുടെ അതേ ബാച്ചുകാരനായ അരുൺകുമാർ സിൻഹ ഇപ്പോൾ എസ്.പി.ജി ഡയറക്ടറാണ്. കേന്ദ്ര സർവീസ് വിട്ടുവരാൻ അദ്ദേഹത്തിന് താൽപര്യമില്ലെന്നാണ്അറിയിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പൊലീസ് മേധാവി മാറേണ്ട സാഹചര്യം വന്നാൽ ഏപ്രിലിൽ തച്ചങ്കരിക്ക് പൊലീസ് മേധാവിയാകാം. ആകെ തടസ്സമായി മുന്നിലുള്ള വിജിലൻസ് കോടതി വിധിക്കെതിരെ തച്ചങ്കരി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. എക്സൈസ് മേധാവിയുടെ ചുമതല തച്ചങ്കരിക്ക് നൽകാനാണ് ആഭ്യന്തരവകുപ്പിന്റെ ആലോചന.