തോണ്ടിമലയിൽ നീലക്കുറിഞ്ഞി കാലം തെറ്റി പൂത്തുലയുന്നു
അടിമാലി: കാലംതെറ്റിയെത്തി വസന്തവിസ്മയം തീർക്കുകയാണ് നീലക്കുറിഞ്ഞി. പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയിലാണ് നിലക്കുറുഞ്ഞി പൂത്തുലഞ്ഞത്. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ആ പതിവ് തെറ്റിച്ചു പൂത്തുനിറയുകയാണ്. പൂപ്പാറയിൽ നിന്നു ബോഡിമെട്ട് റോഡുവഴി നാല് കിലോമീറ്റർ അകലെ റവന്യൂ അധീനതയിലുള്ള 50 ഏക്കർ മലനിരയിലാണ് നീലക്കുറിഞ്ഞി പൂത്തത്. രണ്ടാഴ്ച മുമ്പാണ് മലനിരയിൽ കുറിഞ്ഞി പൂത്തുതുടങ്ങിയത്. മലനിര പൂർണമായും നീലപ്പട്ട് വിരിച്ചപോലെയായി.
2018 ൽ രാജമല,കൊളുക്കുമല, ടോപ് സ്റ്റേഷൻ, വട്ടവട, പുഷ്പ കണ്ടം എന്നിവിടങ്ങളിൽ നീലക്കുറിഞ്ഞി പൂത്തെങ്കിലും പ്രളയം കാരണം അധികം സഞ്ചാരികൾക്ക് വർണവിസ്മയം കാണാൻ എത്താനായില്ല. രണ്ട് മാസക്കാലം പൂ വിരിഞ്ഞ് നില്ക്കുന്നത് സാധാരണമാണെങ്കിലും പേമാരിമൂലം പൂക്കൾ കൊഴിഞ്ഞുപോയിരുന്നു. തോണ്ടിമലയിൽ മുഴുവൻ നീലക്കുറിഞ്ഞി പൂത്തുലഞ്ഞു നിൽക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഒരു മാസക്കാലം പൂക്കാലം നിലനില്ക്കും. അടുത്ത ദിവസങ്ങൾവരെ തോണ്ടിമലയിലേക്ക് സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സഞ്ചാരികൾ വിമുഖത കാട്ടിയതോടെ പ്രവേശനം തടഞ്ഞു. തോണ്ടിമലയിലെ നീലവസന്തം കാണാൻ സഞ്ചാരികൾക്ക് അടുത്ത ദിവസങ്ങളിലായി അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.