വി.ആർ.എസുമായി വീണ്ടും എസ്.ബി.ഐ

Thursday 03 September 2020 12:36 AM IST

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം എസ്.ബി.ഐ വീണ്ടും ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്)​ നടപ്പാക്കുന്നു. ജീവനക്കാരുടെ എണ്ണം കുറച്ച്,​ ചെലവുചുരുക്കലാണ് ലക്ഷ്യം. 25 വർഷത്തെ സേവനം പൂർത്തിയാക്കിയവരും 55 വയസ് തികഞ്ഞവരുമായ ജീവനക്കാർക്ക് വി.ആർ.എസ് തിരഞ്ഞെടുക്കാം. ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ - 1 മുതൽ ടോപ് എക്‌സിക്യൂട്ടീവ് ഗ്രേഡ് സ്‌കെയിൽ - 1 വരെയുള്ള 11,​565 പേരും ക്ളെറിക്കൽ, സബ് - സ്‌റ്റാഫ് തസ്‌തികയിലെ 18,​625 പേരും വി.ആർ.എസിന് അർഹരാണ്. വി.ആർ.എസ് തിരഞ്ഞെടുക്കുന്നവർക്ക് തുടർന്നുള്ള സേവനകാലയളവിലെ ശമ്പളത്തിന്റെ 50 ശതമാനം ആനുകൂല്യം (എക്‌സ്-ഗ്രേഷ്യ)​ ലഭിക്കും. പരമാവധി 18 മാസത്തെ ശമ്പളമാണ് ലഭിക്കുക. ഈ വർഷം ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി വരെയുള്ള മൂന്ന് മാസക്കാലമായിരിക്കും അപേക്ഷിക്കേണ്ട സമയം. അർഹരായവരിൽ 30 ശതമാനം പേർ വി.ആർ.എസ് തിരഞ്ഞെടുത്താൽ തന്നെ 2,​170 കോടി രൂപ ചെലവിനത്തിൽ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാർച്ച് 31ലെ കണക്ക് പ്രകാരം രണ്ടരലക്ഷം ജീവനക്കാരാണ് എസ്.ബി.ഐയ്ക്കുള്ളത്. 2017ൽ,​ എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനവേളയിൽ എസ്.ബി.ഐ വി.ആർ.എസ് പ്രഖ്യാപിച്ചിരുന്നു.