മുഖ്യമന്ത്രിക്ക് മരുമകന്റെ വിവാഹ വാർഷികാശംസ
തിരുവനന്തപുരം: നാൽപത്തിയൊന്നാം വിവാഹ വാർഷികത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മരുമകനും ഡി.വൈ.എഫ്.ഐ നേതാവുമായ പി.എ. മുഹമ്മദ് റിയാസിന്റെ ഹൃദയാശംസ. മുഖ്യമന്ത്രിയും പത്നി കമലയുമൊന്നിച്ചുള്ള ചിത്രത്തോടൊപ്പം റിയാസിട്ട ഫേസ്ബുക്ക് പോസ്റ്റിൽ ആശംസകളുടെ പ്രവാഹം. '1979 സെപ്തംബർ 2ന് തലശ്ശേരി ടൗൺഹാളിൽ വച്ചാണ് ഇവർ വിവാഹിതരായത്. വിവാഹ വാർഷിക ആശംസകൾ', റിയാസ് കുറിച്ചു. കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കുമ്പോഴാണ് തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂൾ അദ്ധ്യപിക കമലയെ പിണറായി വിവാഹം ചെയ്യുന്നത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു വിവാഹം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റെ പേരിലായിരുന്നു കല്യാണക്കുറി ഇറക്കിത്. തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിവാഹത്തിൽ അതിഥികൾക്ക് നൽകിയത് ചായയും ബിസ്‌കറ്റും. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ. പരസ്പരം രക്തഹാരമണിയിച്ചായിരുന്നു വിവാഹം. എം.വി രാഘവൻ ഉൾപ്പെടെ അന്നത്തെ പ്രമുഖ സഖാക്കൾ സാക്ഷിയായി.