ജി.എസ്.ടി നഷ്‌ട പരിഹാരം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
Thursday 03 September 2020 12:47 AM IST
തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജി.എസ്.ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജി.എസ്.ടി നഷ്ടപരിഹാരനിയമമനുസരിച്ച് 2015 -16 സാമ്പത്തികവർഷം അടിസ്ഥാനമാക്കി അഞ്ചുവർഷത്തേക്ക് വിഹിതം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കിൽ കേരളത്തിന് 7000 കോടി കിട്ടാനുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുന്നോട്ടു വച്ച രണ്ടിന കടമെടുക്കൽ നിർദ്ദേശം ദൗർഭാഗ്യകരമാണ്. ഇത് സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. പുതിയ നിർദ്ദേശ നടപടിക്രമങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകരുതെന്നും നിലവിലുള്ള ചട്ടങ്ങൾ പാലിച്ചുകൊണ്ട് നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.