ദൈവദശകം മിസോറാം ഭാഷയിൽ പുറത്തിറക്കി

Thursday 03 September 2020 12:02 AM IST
ദൈവദശകം മിസോപതിപ്പ് ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ശ്രീനാരായണഗുരുവിന്റെ പ്രാർത്ഥനാഗീതമായ ദൈവദകശത്തിന്റെ മിസോറാം പരിഭാഷ ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. നാല് ശതമാനം മാത്രം ഹിന്ദുക്കൾ വസിക്കുന്ന മിസോറാമിൽ മിസോഭാഷയിൽ ഇത്തരമൊരു കൃതി പുറത്തിറങ്ങുന്നത് ആദ്യമായാണ്. അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ വിശ്വവിശാലതയിലേക്കുള്ള വാതായനമാണ് ദൈവദശകമെന്ന് പ്രകാശനകർമ്മം നിർവഹിച്ച മിസോറാം ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. മിസോറാം സ്വദേശിയായ യൂണിവേഴ്‌സൽ ഹിന്ദി കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. വി. ആർ. റാൽത്തെയാണ് ദൈവദശകം മിസോ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. മിസോറാം പോസ്റ്റ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ പ്രസാധകൻ സി.വി.എൽ. റൗട്ടെ, മിസോറാമിലെ സാമൂഹ്യ പ്രവർത്തകനും കവിയുമായ ഡോ. കിംഗ് ഗുണഗാഹ്‌ത്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദൈവദശകം കൂട്ടായ്മയുടെ ചെയർമാനും മലയാളിയുമായ മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് ഉണ്ണികൃഷ്ണനാണ് ദൈവദശകത്തിന്റെ 104 ഭാഷകളിലെ മൊഴിമാറ്റം സമാഹരിച്ചത്.